scorecardresearch
Latest News

രാഷ്ട്രീയം സ്‌പോർട്സ്മാൻ സ്‌പിരിറ്റിൽ കാണും, എല്ലാ കളികളിലും സെന്റർ ഫോര്‍വേഡായാണ് കളിക്കുന്നത്: ശശി തരൂർ

തരൂരിന്റെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിൽ വിശദീകരണവുമായി ഡിസിസി രംഗത്തെത്തി

രാഷ്ട്രീയം സ്‌പോർട്സ്മാൻ സ്‌പിരിറ്റിൽ കാണും, എല്ലാ കളികളിലും സെന്റർ ഫോര്‍വേഡായാണ് കളിക്കുന്നത്: ശശി തരൂർ

കോഴിക്കോട്: രാഷ്ട്രീയവും സ്‌പോർട്സ്മാൻ സ്പിരിറ്റിൽ കാണുമെന്ന് ശശി തരൂർ. ചുവപ്പ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല, എല്ലാ കളികളിലും സെന്റർ ഫോര്‍വേഡായാണ് താൻ കളിക്കുന്നതെന്നും തരൂർ പറഞ്ഞു. രാവിലെ കോഴിക്കോട് എം.ടി.വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് തരൂര്‍ തുടക്കം കുറിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, തരൂരിന്റെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിൽ വിശദീകരണവുമായി ഡിസിസി രംഗത്തെത്തി. പര്യടനത്തെക്കുറിച്ച് ശശി തരൂര്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടില്ല. എം.കെ.രാഘവന്‍ എം.പിയാണ് ജില്ലാ കമ്മിറ്റിയെ വിവരങ്ങള്‍ അറിയിച്ചത്. തരൂര്‍ നേരിട്ടറിയിച്ചിരുന്നെങ്കില്‍ ഒരുക്കങ്ങള്‍ ഡിസിസി ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.

കോൺഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍.ഷഹീൻ പറഞ്ഞു. ഡിസിസിയോട് ആലോചിച്ചാണ് പരിപാടിയിൽ നിന്നും പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു. ശശി തരൂരിന് യാതൊരു വിലക്കുമില്ല. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ല. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്നും സതീശൻ അഭിപ്രായപ്പെട്ടു.

ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽനിന്നുമാണ് യൂത്ത് കോൺഗ്രസ് പിന്മാറിയതാണ് വിവാദമായത്. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഇന്ന് കോഴിക്കോട് ആയിരുന്നു സെമിനാർ തീരുമാനിച്ചിരുന്നത്. പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് സംസ്ഥാന കോൺഗ്രസോ യൂത്ത് കോൺഗ്രസോ വിശദീകരിച്ചിട്ടില്ല. എന്നാൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ നിന്ന് പിന്മാറിയെന്നാണ് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Shashi tharoor malabar tour congress leaders comments