കോട്ടയം: കോൺഗ്രസ് എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.എം.ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂർ സന്ദർശിക്കും.
ശശി തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണ്. ഇത് പാലിക്കപ്പെടാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ പറഞ്ഞു.
തരൂർ ഇന്ന് കോട്ടയം ജില്ലയിൽ സന്ദർശനം നടത്തുന്ന വിവരം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ചും അറിയിപ്പ് ലഭിച്ചില്ല. ശശി തരൂരിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞു ഒരു കോൾ വന്നു. എന്നാൽ ഒന്നും പറയാതെ കോൾ കട്ട് ചെയ്തു. സംഘടനാ കീഴ്വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും നാട്ടകം സുരേഷ് പറഞ്ഞു. തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ശശി തരൂരിന്റെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടികൾക്ക് ഇന്ന് തുടക്കമാകുന്നത്. നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും തരൂർ എത്തും. വൈകിട്ട് മറൈൻ ഡ്രൈവിൽ ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിൽ അതിഥിയാണ് തരൂർ. തിങ്കളാഴ്ച രാവിലെ കർദിനാൾ മാർ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തും.