scorecardresearch
Latest News

സിൽവർ ലൈൻ പദ്ധതി: യുഡിഎഫിന്റെ ആശങ്കകൾ തരൂരിന് ബോധ്യപ്പെട്ടെന്ന് സതീശൻ

എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയിൽ തരൂരിന്റെ പരസ്പരവിരുദ്ധമായ നിലപാടിനെതിരെ കെപിസിസി നേരത്തെ ശക്തമായ താക്കീത് നൽകിയിരുന്നു

vd satheesan, Lokayuktha, ie malayalam
ഫയൽ ചിത്രം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും ശശി തരൂരും തമ്മിലുള്ള തർക്കങ്ങൾ സമവായത്തിൽ എത്തിയതായി സൂചന. യുഡിഎഫ് ഉന്നയിച്ച ആശങ്കകൾ ശശി തരൂർ എം.പിക്ക് ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള യുഡിഎഫിന്റെ ആശങ്കകളും പഠനറിപ്പോർട്ടും ചേർത്ത് അയച്ച കത്തിന് തരൂർ തിങ്കളാഴ്ച മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഉന്നയിക്കുന്ന ചോദ്യങ്ങൾ പ്രസക്തമാണെന്നും താനും ചോദിക്കാൻ ആഗ്രഹിക്കുന്നത് ഇതുതന്നെയാണെന്നും പദ്ധതിയെ പിന്തുണയ്ക്കുന്ന നിലപാട് താൻ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും തരൂർ കത്തിൽ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയിൽ തരൂരിന്റെ പരസ്പരവിരുദ്ധമായ നിലപാടിനെതിരെ കെപിസിസി നേരത്തെ ശക്തമായ താക്കീത് നൽകിയിരുന്നു. അതിനുപിന്നാലെയാണ് സതീശൻ ഇതുസംബന്ധിച്ച് തരൂരിന് കത്തെഴുതിയത്.

ഒരാൾക്ക് കാര്യം മനസിലാകുന്നിലെന്ന് പറഞ്ഞാൽ അത് ബോധ്യപ്പെടുത്തേണ്ട കടമ പാർട്ടിക്കുണ്ട്. അതിനാലാണ് കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിൽവർ ലൈനിനെക്കുറിച്ച് തരൂർ പരസ്പര വിരുദ്ധമായ അഭിപ്രായമാണ് സ്വീകരിച്ചതെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും കോൺഗ്രസ് എംപി എന്ന നിലയിൽ തരൂരിന് ഇനി വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും യുഡിഎഫിനൊപ്പം നിൽക്കാൻ മാത്രമേ കഴിയൂവെന്നും സതീശൻ പറഞ്ഞു.

അതേസമയം, പാർട്ടിക്കുള്ളിൽ നിന്നും ഇപ്പോഴും തരൂരിനെതിരെ വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയെ പ്രശംസിച്ചും സിൽവർ ലൈനിനെ അനുകൂലിച്ചും തരൂർ നടത്തിയ പ്രസ്താവനകളെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി.

Also Read: സിൽവർലൈൻ പദ്ധതി: സർക്കാർ പുനപരിശോധിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ

കോൺഗ്രസ് എന്നും പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിക്കുന്ന സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമാണ് തന്റെ എംപി സ്ഥാനമെന്നും അതിനാൽ അഭിപ്രായം പറയുമ്പോൾ പാർട്ടിയെയും അണികളെയും മറക്കരുതെന്നും മുല്ലപ്പള്ളി തരൂരിനെ ഓർമ്മിപ്പിച്ചു.

തരൂർ ഒരു പാർലമെന്റ് അംഗവും ആദരണീയനായ നേതാവുമാണ്. അതിനാൽ എഐസിസി വിഷയത്തിൽ ഇടപെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിലെ സഹപ്രവർത്തകരിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടയിൽ, ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെക്കേണ്ടതുണ്ടെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം തന്റെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാർട്ടി നിർദേശങ്ങൾ എതിർക്കാൻ തരൂരടക്കം ആർക്കും അധികാരമില്ലെന്നും തീരുമാനങ്ങൾ പാലിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുമായിരുന്നു വിഷയത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Shashi tharoor kerala udf vd satheesan