തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ ശശി തരൂര്‍ എംപി മാനനഷ്ടക്കേസ് നല്‍കി. വ്യക്തി ജീവിതത്തെ കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും താന്‍ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ശ്രീധരന്‍പിള്ള തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂര്‍ പരാതിപ്പെട്ടിരിക്കുന്നത്.

Read More: പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള മത്സരിച്ചേക്കും; സുരേന്ദ്രന് അതൃപ്തി

ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍ സ്വദേശിയാണെന്നും അവര്‍ അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരന്‍പിള്ള അവകാശപ്പെട്ടിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സി.ജെ.എം കോടതി ഈ മാസം 25ന് തരൂരിന്റെ മൊഴിയെടുക്കും.

Read More: ഒഴുക്കിന്റെ തുടക്കം മാത്രം, വിളിച്ചാല്‍ ഇനിയും ആളുകള്‍ വരും: ശ്രീധരന്‍പിള്ള

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്കായി ശ്രീധരന്‍പിള്ളയും മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.