തിരുവനന്തപുരം: കോൺഗ്രസ് മുങ്ങുന്ന കപ്പലാണ് അതിൽ ബുദ്ധിയുള്ള നേതാക്കൻമാർക്ക് ആർക്കും അവിടെ ഇനിയും തുടരാനാകില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം.വെങ്കയ്യ നായിഡു പറഞ്ഞു.​ എന്നാൽ ആരെയെങ്കിലും ബിജെപിയിൽ എത്തിക്കാൻ പാർട്ടി മുൻകൈ എടുത്തിട്ടില്ല. ശശി തരൂർ ബിജെപിയിൽ ചേരുന്നു എന്നത് ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാൻ ശ്രമം നടത്തും. എന്നാൽ അതിന്‍റെ പേരിൽ ന്യൂനപക്ഷ പ്രീണനം നടത്തില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും നീതി ലഭ്യമാക്കുകയാണ് ലക്ഷ്യം. ദേശീയ ജനാധിപത്യ സഖ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്‍റെ 65 ശതമാനവും ഭരിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യമാണ്. ഇതിന്‍റെ വ്യാപ്തി കൂട്ടുകയാണ് ഇനിയുള്ള ലക്ഷ്യം.

സുപ്രധാന ബില്ലുകൾ പാസാക്കുന്നത് തടയുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തിന്‍റെ വളര്‍ച്ച തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പിന്നാക്ക ജാതികൾക്ക് ഭരണഘടനാ പദവി നൽകുന്ന ബില്‍ പാസാക്കാൻ കോൺഗ്രസും ഇടത് പാർട്ടികളും അനുവദിക്കാത്തത് ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. ഒബിസി വിഭാഗങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്നത് കഴിഞ്ഞ 30 വർഷമായുള്ള ആവശ്യമാണ്. ഇതിന് അംഗീകാരം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും രാജ്യസഭയിൽ പ്രതിപക്ഷം അത് തടസ്സപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ടോണിക് വോട്ടിങ് യന്ത്രത്തിനെതിരെ കോൺഗ്രസ് രംഗത്ത് വരുന്നത് ബാലിശമാണ്. കോൺഗ്രസ് ജയിക്കുമ്പോൾ വോട്ടിങ് യന്ത്രം മികച്ചതും തോൽക്കുമ്പോൾ അത് മോശവുമാകുന്നത് ഇരട്ടത്താപ്പാണ്. വോട്ടിങ് യന്ത്രത്തെപ്പറ്റി പരാതിയുള്ളവർ അത് തെളിയിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെല്ലുവിളി സ്വീകരിക്കുകയാണ് വേണ്ടത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കൻമാരായ അമിരീന്ദർ സിങ്, വീരപ്പമൊയ്‌ലി എന്നിവരെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് കോൺഗ്രസ് രാഷ്ട്രപതിയെ സമീപിച്ചത്. മോദി സർക്കാരിനെതിരെ കോൺഗ്രസ് രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ പറയുന്ന ഓരോ വാക്കും അവർക്കെതിരായ കുറ്റപത്രം തന്നെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ ഏകാധിപത്യത്തെപ്പറ്റിയും, മാധ്യമ സ്വാതന്ത്ര്യത്തേപ്പറ്റിയും പരാതിപ്പെടുകയാണ്.

രാജ്യത്തെ മഹാൻമാരെയെല്ലാം അവഗണിച്ച് ആ സ്ഥാനത്തേക്ക് ഒരു കുടുംബത്തെ മാത്രം അവരോധിച്ചവരാണ് കോൺഗ്രസുകാര്‍. മുതിർന്ന നേതാക്കൾ നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പോലും വാർത്ത അല്ലാതെയാവുകയും ഏതെങ്കിലും പ്രാദേശിക ബിജെപി നേതാവ് പറയുന്നത് വൻ വാർത്തയാവുകയും ചെയ്യുന്ന വിചിത്ര സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലം ബിജെപി പ്രവർത്തക കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ