തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയുടെ അമ്മേയും അമ്മാവനേയും പ്രതി ചേര്‍ത്തു. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ഗ്രീഷ്മയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽവച്ച് അണുനാശിനി കഴിച്ച് ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്രീഷ്മയെ രാവിലെ റൂറല്‍ എസ് പി ഓഫിസിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായാണു ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത്. എസ് പി ഓഫിസിലേക്കു പോകുന്നതി മുന്നോടിയായി ഗ്രീഷ്മ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ശുചിമുറിയില്‍ പോയി വന്ന ഗ്രീഷ്മ പൊലീസ് ജീപ്പിൽ കയറായി നടക്കുന്നതിനിടെയാണു ഛര്‍ദിച്ചു. തുടർന്നാണ് അണുനാശിനി കുടിച്ച വിവരം പറഞ്ഞത്.
ഷാരോണ്‍ വധക്കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണു പൊലീസ് നൽകുന്ന സൂചന. ഗ്രീഷ്‌മയുടെ മാതാപിതാക്കളും അമ്മാവനും ബന്ധുവായ യുവതിയും പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇവരുടെ മൊഴി വിശദമായി പരിശോധിച്ചുവരികയാണു പൊലീസ്.
കൃത്യത്തില്‍ ഗ്രീഷ്മയ്ക്ക് മാത്രമല്ല കുടുംബത്തിനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. തന്റെ മകനെ ചതിച്ച് കൊന്ന ഗ്രീഷ്മ അമ്മയെ സംരക്ഷിക്കാനാണ് കുറ്റം സ്വയം ഏറ്റെടുത്തതെന്നു ഷാരോണിന്റെ പിതാവ് പറഞ്ഞു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് വിശദമായ ചോദ്യം ചെയ്യലിലെ മനസിലാകൂവെന്നാണ് പൊലീസ് പറയുന്നത്.
തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗ്രീഷ്മ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ഇംഗ്ലിഷ് സാഹിത്യത്തില്‍ എട്ടാം റാങ്ക് നേടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗ്രീഷ്മയുടെ വീടിന് സമീപമെത്തിയപ്പോള്‍ ഗ്രീഷ്മയെ കുറിച്ച് നാട്ടുകാരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും നല്ല അഭിപ്രായമാണുണ്ടായത്. ഗ്രീഷ്മയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ഇന്നലെ രാത്രി കല്ലേറുണ്ടായതാണു സംശയിക്കപ്പെടുന്നത്.
ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്. ഇതില്‍ കോപ്പര്‍ സള്‍ഫേറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. ഷാരോണിനെ ഒഴിവാക്കാന്‍ പല വഴികള്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന ഗ്രീഷ്മയുടെ മൊഴി പൊലീസ്
പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ഒരുവര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. എന്നിട്ടും ഷാരോണ്‍ പിന്നാലെ വന്നതുകൊണ്ടാണ് വിളിച്ചുവരുത്തി വിഷം കൊടുത്തത്. കഷായത്തിന് കയ്പാണെന്ന് പറഞ്ഞപ്പോള്‍ ജ്യൂസും നല്‍കി. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയായിരുന്നു. ഒരു സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ ചെന്നത്. മുമ്പും പലതവണ ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ച് ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗ്രീഷ്മ പോലീസിനോട് നിഷേധിച്ചു. കല്യാണം നടന്നുവെന്നതും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഷാരോണ്‍ സിന്ദൂരം ചാര്‍ത്തിയതായി ഗ്രീഷ്മ സമ്മതിച്ചു.