scorecardresearch

ഷാരോണ്‍ വധം: നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി

കേസില്‍ കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു

sharon, murder case, ie malayalam

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതിയായ ഗ്രീഷ്മയുടെ വീടിന് സമീപമുള്ള കുളത്തില്‍ നിന്നാണ് വിഷക്കുപ്പി ലഭിച്ചത്. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറുമായി നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു കുപ്പി കിട്ടിയത്.

പിന്നീട് തെളിവെടുപ്പ് നടത്തിയപ്പോള്‍ കണ്ടെത്തിയ നാല് കുപ്പികളില്‍ നിന്ന് പച്ചനിറത്തിലുള്ള ദ്രാവകമാണ് കണ്ടെത്തിയത്. കണ്ടെടുത്ത കുപ്പികള്‍ ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കും. കുപ്പി കളയാനായി ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി സീല്‍ വെച്ചു. പിന്നീട് കളനാശിനി വാങ്ങിയ കളിയിക്കാവിളയിലെ കടയിലും തെളിവെടുപ്പ് നടത്തി.

അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ എന്നിവരുമായാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന്റെ തെളിവുകള്‍ ഇരുവരും നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്നലെയാണ് ഇരുവരേയും കേസില്‍ പ്രതിചേര്‍ത്തത്.

കേസില്‍ കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഗ്രീഷ്മ. 24 മണിക്കൂര്‍ നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ മാത്രമെ ഗ്രീഷ്മയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് അന്തിമ തീരുമാനമാവുകയുള്ളു. ഡിസ്ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കാവും മാറ്റുക.

കൃത്യത്തില്‍ ഗ്രീഷ്മയ്ക്ക് മാത്രമല്ല കുടുംബത്തിനും പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. തന്റെ മകനെ ചതിച്ച് കൊന്ന ഗ്രീഷ്മ അമ്മയെ സംരക്ഷിക്കാനാണ് കുറ്റം സ്വയം ഏറ്റെടുത്തതെന്നു ഷാരോണിന്റെ പിതാവ് പറഞ്ഞു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് വിശദമായ ചോദ്യം ചെയ്യലിലെ മനസിലാകൂവെന്നാണ് പൊലീസ് പറയുന്നത്.

തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗ്രീഷ്മ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ഇംഗ്ലിഷ് സാഹിത്യത്തില്‍ എട്ടാം റാങ്ക് നേടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗ്രീഷ്മയുടെ വീടിന് സമീപമെത്തിയപ്പോള്‍ ഗ്രീഷ്മയെ കുറിച്ച് നാട്ടുകാരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും നല്ല അഭിപ്രായമാണുണ്ടായത്. ഗ്രീഷ്മയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ഇന്നലെ രാത്രി കല്ലേറുണ്ടായതാണു സംശയിക്കപ്പെടുന്നത്.

ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്. ഇതില്‍ കോപ്പര്‍ സള്‍ഫേറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. ഷാരോണിനെ ഒഴിവാക്കാന്‍ പല വഴികള്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന ഗ്രീഷ്മയുടെ മൊഴി പൊലീസ്
പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ഒരുവര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. എന്നിട്ടും ഷാരോണ്‍ പിന്നാലെ വന്നതുകൊണ്ടാണ് വിളിച്ചുവരുത്തി വിഷം കൊടുത്തത്. കഷായത്തിന് കയ്പാണെന്ന് പറഞ്ഞപ്പോള്‍ ജ്യൂസും നല്‍കി. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയായിരുന്നു. ഒരു സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ ചെന്നത്. മുമ്പും പലതവണ ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ച് ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗ്രീഷ്മ പോലീസിനോട് നിഷേധിച്ചു. കല്യാണം നടന്നുവെന്നതും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഷാരോണ്‍ സിന്ദൂരം ചാര്‍ത്തിയതായി ഗ്രീഷ്മ സമ്മതിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sharon murder case greeshma investigation updates nov 01

Best of Express