തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യനില അപകടത്തിലല്ലെങ്കിലും ഗ്രീഷമ നിരീക്ഷണത്തിലാണ്.
രാവിലെയായിരുന്നു നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
അണുനാശിനി കുടിച്ചതായി ഗ്രീഷ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
റൂറല്‍ എസ്.പി. ഓഫീസിലേക്ക് പോകുന്നതിന് മുമ്പാണ് ഗ്രീഷ്മ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടത്. രണ്ട് വനിതാ പൊലീസുകാര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ഗ്രീഷ്മ ശുചിമുറിയില്‍ പോയിവരികയും ചെയ്തു. തുടര്‍ന്ന് ജീപ്പിലേക്കു നടന്നുപോകുന്നതിനിടെ ഗ്രീഷ്മ ഛര്‍ദിക്കുകയായിരുന്നു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്.
സംഭവത്തില്‍ വനിത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് വേണ്ടി പ്രത്യേകം ശുചിമറിയുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശുചിമുറിയില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ സ്റ്റേഷന് പുറത്തെ ശുചിമുറിയിലാണ് എത്തിച്ചത്.
ഉടന്‍തന്നെ യുവതിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രീഷ്മയെ ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞത്.