/indian-express-malayalam/media/media_files/uploads/2022/11/greeshma-sharon.jpg)
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ മൊഴിയില്‍ മാറ്റം വരുത്തി മുഖ്യപ്രതിയായ ഗ്രീഷ്മ. കുറ്റസമ്മതത്തിന് പിന്നില്‍ ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഗ്രീഷ്മ നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ അമ്മയേയും അമ്മാവനേയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും ഗ്രീഷ്മ അവകാശപ്പെടുന്നു. രഹസ്യമൊഴി ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ 22-ാം തീയതി വരെ നീട്ടി നല്‍കിയിട്ടുണ്ട്.
നേരത്തെ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഗ്രീഷ്മ പലതവണ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം പറഞ്ഞത്. ഷാരോണ്‍ പഠിച്ച കോളജില്‍ വച്ചും കൊലപാതക ശ്രമം നടത്തിയിരുന്നെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജ്യൂസില്‍ 50 ഡോളോ കലര്‍ത്തി നൽകി കൊല്ലാനാണ് പദ്ധതിയിട്ടത്.
നെയ്യൂര്‍ സിഎസ്ഐ കോളജിലെ ശുചിമുറിയില്‍ വച്ചായിരുന്നു സംഭവം. ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്തുവച്ചശേഷം ജ്യൂസില്‍ കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ജ്യൂസ് ചലഞ്ചിലേക്കു ഗ്രീഷ്മ കടന്നു. എന്നാല്‍ ജ്യൂസിന് കയ്പ് അനുഭവപ്പെട്ടതോടെ അന്ന് ഷാരോണ്‍ കുടിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്കു പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു കാപിക് എന്ന കളനാശിനിയാണു ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന് വ്യക്തമായത്.
ഒരു വര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. എന്നിട്ടും ഷാരോണ്‍ പിന്നാലെ വന്നതുകൊണ്ടാണു വിളിച്ചുവരുത്തി വിഷം കൊടുത്തത്. കഷായത്തിനു കയ്പാണെന്ന് പറഞ്ഞപ്പോള്‍ ജ്യൂസും നല്‍കി. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ ചെന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.