തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ കോടതി ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണു നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
കേസില്‍ ഗ്രീഷ്മയാണു മുഖ്യപ്രതിയെന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും ആ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതു കോടതി അംഗീകരിക്കുകയായിരുന്നു.
കസ്റ്റഡി സംബന്ധിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ ശക്തമായ വാദപ്രതിവാദമാണു കോടതിയില്‍ നടന്നത്. കേസിലെ മറ്റു പ്രതികളെ അഞ്ച് ദിവസത്തേക്കാണു കസ്റ്റഡിയില്‍ വിട്ടതെന്നു പ്രതിഭാഗം വാദിച്ചു. കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ചോദിക്കുകയും ചെയ്തു. മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍ കുമാറിനെയും രാവിലെയാണു പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഗ്രീഷ്മയ്ക്കു വൈദ്യസഹായം ഉറപ്പാക്കണമെന്നും തെളിവെടുപ്പ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. തെളിവെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളുടെ സിഡി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനു കോടതി നിര്‍ദേശം നല്‍കി.
തെറ്റായ കേസാണിതെന്നും ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും അതിനാണ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുന്നതെന്നുമാണു പ്രതിഭാഗം ഉയര്‍ത്തിയ വാദം. വിഷം കൊടുത്തു കൊന്നുവെന്ന എഫ് ഐ ആര്‍ പോലും പൊലീസിന്റെ പക്കലില്ല. ഗൂഢാലോചന ഉണ്ടായിട്ടില്ല. എന്തോ വിഷം കഴിച്ചുവെന്നു മാത്രമാണ് ആദ്യ എഫ് ഐ ആറില്‍ പറയുന്നത്. ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഷാരോണ്‍ മരണമൊഴിയില്‍ ഗ്രീഷ്മയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തിനാണ്, റാങ്ക് ഹോള്‍ഡറായ ഗ്രീഷ്മയെ പിടിച്ചുവച്ചിരിക്കുന്നത്? ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ വന്നുവെന്നതു ശരിയാണ്. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ തന്നെ ആയിക്കൂടെ? ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തുനിന്നു കൂടി ചിന്തിക്കണം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂവെന്ന കാര്യം കണക്കിലെടുക്കണമെന്നും പ്രതിഭാഗം വാദിച്ചു.
അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. പൊലീസ് സ്‌റ്റേഷനില്‍വച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഗ്രീഷ്മയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തശേഷം അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റുകയായിരുന്നു.