തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അഞ്ചു ദിവസത്തെ സന്ദർശനത്തിനായാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്.

നാളെ രാവിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് രാജ്ഭവനില്‍ മന്ത്രിമാരെ കാണും. ഉച്ചയ്ക്ക് ഗവര്‍ണര്‍ നല്‍കുന്ന വിരുന്ന് കഴിഞ്ഞ് തിരുവനന്തപുരത്തെ മറ്റ് പരിപാടികളില്‍ പങ്കെടുക്കും.

രണ്ട് ദിവസം തിരുവനന്തപുരത്ത് അദേഹം ഉണ്ടാകും. രണ്ടാം ദിവസം ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കും. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അടുത്ത ദിവസം തിരുവനന്തപുരത്ത് നിന്ന് മടങ്ങും.

അതേസമയം, ഇത്തവണ അദ്ദേഹം കോഴിക്കോട് സന്ദർശിക്കില്ല. കോഴിക്കോട് സർവകലാശാല ഡിലിറ്റ് സമർപ്പണം 25 തിങ്കൾ ഉച്ചയോടെ രാജ്ഭവനിൽ നടക്കുമെന്നാണ് അറിയിപ്പ്. ആദ്യമായാണ് ഗൾഫിലെ ഒരു ഭരണാധികാരി കേരളത്തിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തിയപ്പോൾ ഷെയ്ഖ് സുൽത്താനെ സന്ദർശിച്ചു കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷെയ്ഖ് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഷാര്‍ജയ്ക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാവുന്ന ഒരുപാട് മേഖലകളുണ്ട്. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഷെയ്ഖ് സുല്‍ത്താന്‍റെ സന്ദര്‍ശനം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക പ്രശസ്തമായ ഷാർജ പുസ്തകമേളയിൽ കേരളത്തിന് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍-ബന്ന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ കേരളം നടത്തുന്ന ഒരുക്കങ്ങളില്‍ അംബാസഡര്‍ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സന്ദര്‍ശനം യുഎഇ-ഇന്ത്യ ബന്ധം പൊതുവിലും യുഎഇ-കേരള ബന്ധം പ്രത്യേകിച്ചും ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ