കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ നിലപാടിനെതിരെ എഴുത്തികാരിയായ ശാരദക്കുട്ടിയുടെ വിമര്‍ശനം. തന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ലെന്ന് അവര്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. അതുകൊണ്ടു മലയാള സിനിമയ്ക്കോ ആണഹന്തക്കോ ഒരു പുല്ലും സംഭവിക്കില്ല എന്ന് അറിയാമെങ്കിലും തന്റെ ആത്മാഭിമാനത്തെ തൃപ്തിപ്പെടുത്തണമെന്നും ശാരദക്കുട്ടി കുറിച്ചു.

ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ, ഒന്നടങ്കം ചെയ്യാൻ തയ്യാറാകുന്ന കാലത്തേ ഈ ധാർഷ്ട്യം അവസാനിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.”കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ. കഴിയണം,” ശാരദക്കുട്ടി പറയുന്നു

“ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേൽ കാൽ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്. ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ഒരു മടങ്ങി ചെല്ലൽ സാധ്യവുമല്ലെന്നും ശാരദക്കുട്ടി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ മൃദുസമീപനം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വി.എസും എംഎ ബേബിയും അടക്കമുള്ള സിപിഎം നേതാക്കൾ രംഗത്ത് വന്നതിന് പുറമേ മഹിള കോൺഗ്രസ്, ജനാധിപത്യ മഹിള അസോസിയേഷൻ, മഹിള മോർച്ച എന്നീ സംഘടനകളും നിയമ നടപടിക്ക് ഒരുങ്ങുന്നുണ്ട്.

സിനിമ പ്രവർത്തകർക്കിടയിൽ തന്നെ ഇത് വൻ ചേരിതിരിവിന് കാരണമായിട്ടുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു പരിഹാസവുമായി ഇന്നലെ രംഗത്ത് എത്തിയിരുന്നു. “എല്ലാവർക്കും അറിയ്യേണ്ടത്‌ സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത്‌ സംഭവിച്ചു എന്നാണെന്നും എന്നാല്‍ അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണൂ അമ്മ” എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ