തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗത്തിനെതിരെ നിലപാട് കടുപ്പിച്ച് നിർമാതാക്കൾ. പ്രശ്നങ്ങൾ ഉയർന്നപ്പോൾ മുൻപും സമവായ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ നിർമാതാക്കൾക്ക് മനോരോഗമാണെന്നാണ് ഷെയ്നിന്റെ ആരോപണം. ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന ആളുകളുമായി യാതൊരു ചർച്ചയ്ക്കും ഇല്ലെന്ന് നിർമാതാവ് രഞ്ജിത് പറഞ്ഞു.

നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന് ഷെയ്ന്‍ നിഗം പറഞ്ഞതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍. ചലച്ചിത്ര മേളയില്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ പ്രതികരണം.

ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്‌ൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.

Read More: നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയം: ഷെയ്ൻ നിഗം

തങ്ങള്‍ക്ക് മനോരോഗമാണെന്ന് പറഞ്ഞ ആളുമായി എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ചോദ്യം. ഷെയ്‌ൻ നിഗവുമായി ഇനി ചര്‍ച്ച വേണ്ടെന്ന് അമ്മയിലെ ഒരു വിഭാഗവും ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്‌ൻ ശ്രമിച്ചെന്നും സംഘടനകള്‍ പറയുന്നു.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നാൽ ചർച്ചയ്ക്ക് ചെല്ലുമ്പോൾ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും റേഡിയോ പോലെ ഒരു കൂട്ടർ മാത്രമാണ് ഇരുന്ന് സംസാരിക്കുന്നതെന്നും ഷെയ്ൻ ഇന്നലെ പറഞ്ഞിരുന്നു. ചർച്ചയ്ക്ക് ശേഷം വീണ്ടും ചിത്രീകരണത്തിനായി പോയപ്പോൾ, ഇക്കുറി നിർമാതാവല്ല മറിച്ച് സംവിധായകനും ക്യാമറാമാനുമായിരുന്നു തന്നെ ബുദ്ധിമുട്ടിച്ചതെന്നും അതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഷെയ്ൻ പറഞ്ഞു.

അതേസമയം, ഷെയ്ന്‍ നിഗത്തിന്‍റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന വിഷയമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു. ഇത് സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്നമല്ല. ഇതിനെ ഈഗോ പ്രശ്നമായി ആരും കാണരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് സര്‍ക്കാര്‍ കത്ത് നല്‍കും. ബി.ഉണ്ണിക്കൃഷ്ണനുമായും സംസാരിക്കുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. അതേസമയം, ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.