തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികരമവുമായി നടി ഷംന കാസിം രംഗത്ത്. ഈ പ്രതിസന്ധിഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ ഷംന, തന്നെയും കുറ്റവാളികളേയും ചേർത്ത് വ്യാജ പ്രചരണം നടത്തരുത് എന്നും അഭ്യർഥിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഷംന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“എല്ലാ സഹായങ്ങൾക്കും പിന്തുണയ്ക്കും എന്റെ സുഹൃത്തുക്കളോടും അഭ്യുദയകാംഷികളോടും നന്ദി പറയുന്നു. ചിലമാധ്യമങ്ങളില്‍ കേസുമായി ബന്ധപ്പെട്ട ചില വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതില്‍ വ്യക്തതവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ബ്ലാക്ക്മെയില്‍ സംഘവുമായി ബന്ധപ്പെട്ട കുറ്റവാളികളെ എനിക്ക് അറിയില്ല. അതുകൊണ്ടു തന്നെ പ്രിയമാധ്യമ സുഹൃത്തുക്കള്‍, എന്നെയും കുറ്റവാളികളേയും ചേര്‍ത്ത് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.”
Read More: പ്രതികൾ ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു: ഐജി വിജയ് സാക്കറെ
“ഒരു വിവാഹാലോചനയും പേരും പറഞ്ഞ് വ്യാജ പേരുകളും മേല്‍വിലാസവും നല്കി ഞങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പരാതിനല്കാന് എന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു. ഇത് ബ്ലാക്ക്മെയില്‍ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ പൊലീസിനെ സമീപിച്ചു. അവരുടെ ലക്ഷ്യം എന്നായിരുന്നു എന്നോ എന്താണെന്നോ അപ്പോഴും ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ല.”
“നിലവില്‍ എന്റെ പരാതിയില്‍ കേസെടുത്ത കേരള പൊലീസ് അന്വേഷണം നല്ലരീതിയില്‍ നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എന്റെയോ എന്റെ കുടുംബത്തിന്റെയോ സ്വകാര്യത ലംഘിക്കരുത് എന്ന് ഞാന്‍ മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുകയാണ്. എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഈ കേസ് പരിഹരിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ മാധ്യമങ്ങളെ കാണും. കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഒരിക്കല്‍കൂടി ഞാന്‍ നന്ദി പറയുന്നു. ഈ കേസില്‍ ഉടനീളം നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാനെന്റെ സഹോദരിമാരോട് അഭ്യര്‍ഥിക്കുന്നു,” ഷംന പറഞ്ഞു.
Read More: ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്: തനിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ടിനി ടോം
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയവർ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി ഐജി വിജയ് സാക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതികൾ ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, നടി പൊലീസിൽ പരാതിപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതി പാളുകയായിരുന്നെന്നും ഐജി കൊച്ചിയിൽ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഷംനയോട് ആദ്യം ഒരു ലക്ഷം ചോദിച്ചു. പിന്നീട് അമ്പതിനായിരം രൂപ ചോദിച്ചു. എന്നാൽ, ഷംന തയ്യാറായില്ല. ഇതേ തുടർന്ന് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. ഷംനയുടെ റൂട്ട് മാപ്പ് അടക്കം മനസിലാക്കി നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ശേഷം വലിയൊരു തുക മോചനദ്രവ്യമായി ആവശ്യപ്പെടാനും പ്രതികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതുകൊണ്ടാണ് പ്രതികളുടെ ലക്ഷ്യം പാളിയതെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.