കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളും ഇനിയും അറസ്റ്റിലായിട്ടില്ല. ഒരു സ്ത്രീയടക്കം നാല് പ്രതികൾ കൂടി ഇനിയും പിടികൂടാനുണ്ട്. ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തൽ.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട റഫീഖിന്റെ പെണ്‍സുഹൃത്തായ ഇടുക്കി സ്വദേശിനി, മുഖ്യപ്രതി ഷെരീഫിന്റെ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇവര്‍ വൈകാതെ കസ്റ്റഡിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
Read More: ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്: മുഖ്യപ്രതി അറസ്റ്റിൽ
വലിയ കുടുംബമാണെന്നും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരാണെന്നും പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വിവാഹാലോചനയ്ക്ക് ഇടനിലക്കാരനായത്. റഫീഖിന്റെ പെണ്‍സുഹൃത്തായ ഇടുക്കി സ്വദേശിനിയാണ് ഫോണിലൂടെ നടിയെ വിളിച്ചത്. വരന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് ഇവര്‍ നടിയുമായി സംസാരിച്ചത് എന്നാണ് വിവരം.
പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇവരുടേതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സിനിമാ, പരസ്യ ചിത്രീകരണങ്ങൾക്കെന്ന പേരിൽ പെൺകുട്ടികളെ വാളയാറിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവച്ചു എന്നായിരുന്നു പരാതി. അവയിലാണ് പ്രഥമിക പരിശോധനകൾ പൂർത്തിയാക്കി ഇപ്പോൾ രണ്ടു കേസുകൾ കൂടി റജിസ്റ്റർ ചെയ്തത്. ഇതോടെ ഈ സംഘത്തിനെതിരെ കൊച്ചിയിൽ മാത്രം ആറു കേസുകളായി.
അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. ജൂൺ 24നാണ് നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.