കൊച്ചി: ചലച്ചിത്രതാരം ഷംനകാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇവർ ബ്ലാക്‌മെയിൽ ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു. ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ടുമോഡലുകളാണ് ഇവര്‍ക്കെതിരെ മരട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

ഷംനയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തൃശൂർ സ്വദേശികളായ ശരത്, അ‌ഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അ‌റിയിച്ചു.

വീട്ടിലെത്തിയ സംഘം ഷംനയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തുകയും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവാഹ ആലോചനയുമായി വന്നവരാണ് പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഷംന പറയുന്നു.

“ഒരു വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി സംസാരിച്ച് അടുത്തു. കോവിഡ് കാലമായതിനാൽ നേരിട്ട് പോയി അന്വേഷിച്ചിരുന്നില്ല. പയ്യനോട് ഞാനും ഒന്നു രണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നു. ഒരു ദിവസം ഫോണിൽ വിളിച്ച് ഒരാൾ വരും, കുറച്ച് പണം കൊടുത്തുവിടാമോ എന്നു ചോദിച്ചപ്പോഴാണ് എനിക്ക് സംശയം തോന്നിയത്. ഒരു ലക്ഷം രൂപ കൊടുക്കാമോ എന്നു ചോദിച്ചു. സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്,” ഷംന കാസിം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.