കൊച്ചി: മരണാനന്തരമായിട്ടെങ്കിലും നടന്‍ തിലകനെതിരെ അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആക്ടേർസ് എടുത്ത നടപടി പിന്‍വലിക്കണമെന്ന് മകൻ ഷമ്മി തിലകൻ. ഈ ആവശ്യം ഉന്നയിച്ച് അസോസിയേഷന് ഷമ്മി തിലകൻ കത്ത് നൽകി.

സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണു ഷമ്മി തിലകൻ കത്ത് നല്‍കിയത്. പ്രസിഡന്റായി ചുമതലയേറ്റ മോഹൻലാലിൽ പ്രതീക്ഷയർപ്പിച്ചാണ് ഷമ്മിയുടെ നീക്കം. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന തന്റെ പിതാവിനെ, അന്തരിച്ച നടന്മാരുടെ പട്ടികയില്‍നിന്നു പോലും ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഷമ്മി തിലകൻ പറഞ്ഞു.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയിൽ പ്രതീക്ഷയുണ്ടെന്നാണ് കത്തിൽ പറയുന്നത്. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ തന്റെ പിന്തുണ നടിമാർക്കാണെന്നും ഷമ്മി വ്യക്തമാക്കിയിട്ടുണ്ട്.

തിലകനെ സംഘടന പുറത്താക്കിയതും വിലക്കിയതും യാതൊരു വിശദീകരണവും കേൾക്കാതെയാണെന്ന് മകൾ ഡോ. സോണിയ തിലകൻ ആരോപിച്ചിരുന്നു. വിലക്കിനെത്തുടർന്നു തിലകന്‍ മോഹൻലാലിന് അയച്ച കത്തും അവർ പുറത്തുവിട്ടു. തിലകന് മക്കളെക്കാൾ വാത്സല്യം മോഹൻലാലിനോടായിരുന്നുവെന്നും അദ്ദേഹം കൂടുതൽ മോനേ എന്ന് വിളിച്ചതും മോഹൻലാലിനെയാണെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷമ്മി തിലകൻ പുതിയ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.