കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യപ്രതി ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രമാണ് ക്രൈം ബ്രാഞ്ച് തന്നെ ചോദ്യം ചെയ്തതെന്നും തനിക്ക് യാതൊരു ഭയവുമില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു.
“ജോളി തനിക്കെതിരെ ചില മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് സത്യമാണെങ്കില്‍ തന്നെ കുടുക്കാനുള്ള ശ്രമം മാത്രമായിട്ടാണ് അതിനെ കാണുന്നത്. ജോളി അത്തരം മൊഴികള്‍ നല്‍കിയത് വാസ്തവമാണെങ്കില്‍ തന്നെ കുരുക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത്. ജോളി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ ഞാന്‍ നിരപരാധിയാണ്” ഷാജു പറഞ്ഞു.
Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല. സമീപവാസികൾ പറയുന്നത് ഇങ്ങനെ:
“തനിക്കെതിരെ റോയിയുടെ കുടുംബം ഇപ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ തിരക്കഥയ്ക്ക് അനുസരിച്ചുള്ളതാണെന്ന് ഷാജു പറഞ്ഞു. മകള്‍ മരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതിരുന്നതില്‍ ദുരൂഹതയൊന്നുമില്ല. കുഞ്ഞ് ശരീരമല്ലേ എന്ന് വിചാരിച്ചാണ് അന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാതിരുന്നത്. അന്ന് പോസ്റ്റുമോര്‍ട്ടം നടത്താമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു” ഷാജു മാധ്യമങ്ങളോട് പറഞ്ഞു.
ജീവിതത്തില്‍ ജാഗ്രതയോടെ ജീവിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകാമെന്നും അത് നമ്മള് തന്നെ സഹിക്കേണ്ടി വരുമെന്നും ഷാജു പറഞ്ഞു.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രെെം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. കൂടത്തായി കൊലപാതക കേസില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഷാജുവിനെ വിട്ടയച്ചതായി റൂറല്‍ എസ്പി കെ.ജി.സൈമണ്‍ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യല്‍ നടന്നെന്നും അതിനുശേഷമാണ് ഷാജുവിനെ വിട്ടയച്ചതെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും കൊലപാതകത്തില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പറഞ്ഞു.
Read Also: ജോളിയുടെ അടുത്ത് ചെന്നാല്‍ വെള്ളം പോലും കുടിക്കാറില്ല: റോയിയുടെ സഹോദരി
മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും കൊലപാതകങ്ങളില്‍ പങ്കുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഷാജു കുറ്റസമ്മതം നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. ആദ്യ ഭാര്യ സിലിയെയും ഒരു വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയത് താനാണെന്ന് ഷാജു കുറ്റസമ്മതം നടത്തിയെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഈ വാര്‍ത്തകളെയെല്ലാം തള്ളിയിരിക്കുകയാണ് ഷാജു. ഇത് വ്യാജ പ്രചാരണമാണെന്ന് ഷാജു പറഞ്ഞു.