കൊച്ചി: ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍. വിദ്യാര്‍ഥിനിക്കു യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ അധ്യാപകര്‍ ശ്രമിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കേസിലെ പ്രതികളും അധ്യാപകരുമായ സി.വി ഷജില്‍, കെ.കെ. മോഹനന്‍, ബത്തേരി താലുക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അധ്യാപകരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുണ്ടായെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്.

തന്നെ പാമ്പ് കടിച്ചെന്നും പാമ്പിന്റെ വാല് കണ്ടെന്നും വിദ്യാര്‍ഥിനി അധ്യാപകരോട് പറഞ്ഞിരുന്നു. എന്നിട്ടും ആരോപണവിധേയരായ അധ്യാപകര്‍ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചില്ല. ഷഹ്‌ലയെ ആശുപത്രിയിലാക്കണമെന്നു ചില അധ്യാപകരും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ തടഞ്ഞെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

സ്വന്തം കുഞ്ഞിനാണ് ഇങ്ങനെയൊരു അത്യാഹിതമുണ്ടായതെങ്കില്‍ ഇവര്‍ ഇങ്ങനെ പെരുമാറുമായിരുന്നോയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു.

ആശുപത്രിയില്‍ ആവശ്യത്തിനു പ്രതിവിഷമുണ്ടൊയിരുന്നുവെന്നു ഡോക്ടറുടെ വാദം ഖണ്ഡിച്ചുകൊണ്ട് സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതു സാധൂകരിക്കുന്ന നഴ്‌സിന്റെ മൊഴിയു ണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആശുപത്രിയില്‍ എത്ര അളവ് പ്രതിവിഷം ഉണ്ടായിരുന്നു, പ്രതിവിഷം ഡോക്ടര്‍ പെട്ടെന്ന് ലഭ്യമാവുമായിരുന്നോ, ആശുപത്രിയില്‍ എന്തൊക്കെ സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നു എന്നീ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാറിനു നിര്‍ദേശം നല്‍കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹ്ല ഷെറിന്‍ നവംബര്‍ 20നാണു ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണു മരണകാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ അധ്യാപകരായ സി.വി ഷജില്‍, കെ.കെ. മോഹനന്‍, ചികിത്സ നിഷേധിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ജിസ മെറിന്‍ ജോയ് എന്നിവരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ ഹൈക്കോടതി ഇന്നു സ്വമേധയാ കേസെടുത്ത് ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം, ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ചീഫ് ജസ്റ്റിസ് എസ്.മണി കുമാര്‍ അധ്യക്ഷനായ ബഞ്ച് സ്വമേധയാ കേസെടുത്തത്.

സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ കാര്യങ്ങളില്‍ അവബോധക്കുറവ്, ആശുപത്രിയില്‍ വെന്റിലേറ്റര്‍ അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളുടെ കുറവ് എന്നിവ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.