കൊച്ചി: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ രണ്ട് അധ്യാപകർക്കും ഡോക്ടർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി സി.വി. ഷജിൽ, മൂന്നാം പ്രതിയും വൈസ് പ്രിൻസിപ്പലുമായ കെ.കെ മനോഹരൻ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയിഎന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതികളെ നോട്ടിസ് നൽകി ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ അന്നു തന്നെ ജാമ്യം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അധ്യാപകരെ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റാൻ വിദ്യാഭ്യാസ വകുപ്പിനു നടപടിയെടുക്കാമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി.

ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായോയെന്ന് തെളിവെടുപ്പിന് ശേഷം വിദഗ്ധ സമിതിയാണ് തീരുമാനിക്കേണ്ടതെന്നും ഇതിനു ശേഷമേ പ്രതിയാക്കാനാവൂയെന്നും കോടതി അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ ആവശ്യത്തിന് പ്രതി വിഷം ഇല്ലായിരുന്നുവെന്ന ഡോക്ടറുടെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. ആറ് വയൽ പ്രതിവിഷമേ ആശുപത്രിയിൽ ഉണ്ടായിരുന്നുള്ളൂവെന്ന ഡോക്ടറുടെ വാദം ശരിയല്ല. ഫാർമസിയിൽ 13ഉം സ്റ്റോറിൽ 15 ഉം വയൽ പ്രതിവിഷം ഉണ്ടായിരുന്നുവെന്ന് മൊഴിയുണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ യഥാസമയം എത്തിക്കുന്നതിൽ അധ്യാപകർ വീഴ്ച വരുത്തിയെന്നും ഒന്നാം പ്രതി തടഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസെന്നും കോടതി ചൂണ്ടിക്കാട്ടി.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹ്‌ല ഷെറിന്‍ നവംബര്‍ 20നാണു ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണു മരണകാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ അധ്യാപകരായ സി.വി ഷജില്‍, കെ.കെ. മോഹനന്‍, ചികിത്സ നിഷേധിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ജിസ മെറിന്‍ ജോയ് എന്നിവരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.