കല്‍പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ പിടിഎ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടേതാണ് നടപടി.
കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
Read Also: പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: പ്രതിഷേധം ശക്തം, ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി
ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്‌ലയെ കടിച്ചത്.
സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യക്തത വരാൻ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
സ്കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നിലവിൽ സ്കൂളിലെ ക്ലാസ് മുറികളിലുള്ള കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെരിപ്പിടാതെ ക്ലാസ് മുറിയിലിരിക്കണമെന്ന തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.