എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെങ്കിലും  എൻജിനിയറിങ് പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ് ഈ കൗമാരക്കാരൻ. രണ്ട് എൻട്രൻസിൽ റാങ്ക് നേടിയിട്ടും എൻജിനീയറിങ് കോളജിന്റെ പടി ചവിട്ടുന്നില്ലെന്ന തീരുമാനമാണ് തിരൂർ സ്വദേശിയായ ഷാഫിലിന്.  എൻട്രൻസ് റാങ്ക് നേടിയിട്ടും എൻജീനിയർ ആകാൻ ആഗ്രഹമില്ല. കണക്ക് പ്രധാന വിഷയമായി എടുത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ ബിഎസ് (ബാച്‌ലർ ഓഫ് സയൻസ്) പഠിക്കാനാണ് ഇഷ്ടം. ഗണിത ശാസ്ത്രജ്ഞനാവാണ് ഷാഫിലിന്റെ മോഹം. ചെറുപ്പം മുതലേ കണക്കിനോട് ഷാഫിലിന് വല്ലാത്ത ഇഷ്ടമായിരുന്നു. ചെറുപ്പത്തിൽ കണക്ക് ചെയ്യുമ്പോൾ ഇഷ്ടം തോന്നാറുണ്ടെന്നും വളർന്നപ്പോൾ അതു കൂടിയതായും ഷാഫിൽ ഐഇ മലയാളത്തോട് പറഞ്ഞു. കണക്കിൽ എപ്പോഴും നല്ല മാർക്ക് കിട്ടാറുണ്ടെന്നും ഈ മിടുക്കൻ പറയുന്നു.

കഠിനാധ്വാനമാണ് കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഷാഫിലിന് ആദ്യ റാങ്ക് നേടിക്കൊടുത്തത്. ചിട്ടയായ പഠനവും അർപ്പണബോധവും റാങ്ക് നേട്ടത്തിലേക്ക് ഷാഫിലിന് വഴികാട്ടിയായി. 10 ൽ താഴെ റാങ്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആദ്യ റാങ്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷാഫിൽ. സ്കോറിൽ എന്നെക്കാൾ മുന്നിൽ ഒരു കുട്ടി ഉണ്ടായിരുന്നു. പ്ലസ് ടു മാർക്ക് കൂടി ചേർത്തപ്പോഴാണ് ആദ്യ റാങ്ക് കിട്ടിയത്. 10 റാങ്കിനുളളിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഷാഫിൽ പറഞ്ഞു.

”ജോയിന്റ് എൻട്രൻസ് എക്സാമിനേഷനു (ജെഇഇ) വേണ്ടി പഠിച്ചിരുന്നു. ആ എൻട്രൻസ്  പരീക്ഷയ്ക്ക് പഠിച്ചാൽതന്നെ മറ്റെല്ലാ എൻട്രൻസ്  പരീക്ഷയും എളുപ്പമായിരിക്കും. ദിവസവും 6-7 മണിക്കൂർ പഠിക്കും. അവധി ദിവസങ്ങളിൽ 11-12 മണിക്കൂർവരെ പഠിക്കും. രാവിലെ ആറു മണിക്ക് പഠനം തുടങ്ങുമെന്നും” ഷാഫിൽ പറയുന്നു.

ഷാഫിലിന് പിന്തുണയുമായി അച്ഛൻ നിയാസിയും അമ്മ ഷംജിതയും എപ്പോഴും കൂടെയുണ്ട്. ”ആദ്യ റാങ്ക് കിട്ടിയെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായി. അവർ ജോലി ചെയ്യുന്നത് തിരൂരിലാണ്. പക്ഷേ എന്റെ പഠിത്തത്തിനായി രണ്ടുപേരും എന്നോടൊപ്പം കോഴിക്കോട് വന്നു താമസിച്ചു”- ഷാഫിൽ പറഞ്ഞു. തിരൂർ പോളിടെക്നിക് കോളജിലെ അധ്യാപകനാണ് ഷാഫിലിന്റെ പിതാവ് കെ.എ.നിയാസി. ഷംജിത കാവന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്.

തിരൂർ എംഇഎസ് സ്കൂളിലായിരുന്നു ഷാഫിൽ പത്താം ക്ലാസ് പൂർത്തിയാക്കിയത്. കോഴിക്കോട് റെയ്സ് പബ്ലിക് സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. ജെഇഇ മെയിൻ പരീക്ഷയിലും എട്ടാം റാങ്ക് നേട്ടത്തോടെ ഷാഫിൽ തിളക്കമാർന്ന ജയം നേടിയിരുന്നു.

ജീവിതത്തിൽ ആഗ്രഹങ്ങൾ സാധിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണമെന്നാണ് ഷാഫിൽ പറയുന്നത്. കഠിനാധ്വാനം മാത്രമേ ജീവിതത്തിൽ വിജയങ്ങൾ നേടിത്തരൂവെന്നും ഷാഫിലിന്റെ വാക്കുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ