കൊച്ചി: വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. പാര്‍ലമെന്റ് കാലന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി പറമ്പില്‍ ജയരാജനെ ഉദ്ദേശിച്ച് പറഞ്ഞത്. ഇതിനെതിരെ ജയരാജന്‍ വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ഷാഫി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റ് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ 3 മാസം ജയിലില്‍ കിടക്കേണ്ടി വന്നാലും 30 കൊല്ലം കൊണ്ടും പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ‘3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിൻവലിക്കില്ല . അതിന്റെ പേരിൽ 3 മാസം ഉള്ളിൽ കിടന്നാലും വേണ്ടില്ല. അത് എന്നെ ഉദ്ദേശിച്ചാണ്. എന്നെ തന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി. കാലന്മാർക്കിരിക്കാനുള്ള ഇടമല്ല പാർലിമെന്റ് എന്ന് ഞാൻ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേൽ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?,’ ഷാഫി പറമ്പില്‍ ചോദിച്ചു.
‘കായും ഖായും ഗായും അല്ല ജയരാജാ, മുരളീധരനാണ്. കെ. കരുണാകരന്റെ മകന്‍ മുരളീധരന്‍. ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത്. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്. അല്ലെങ്കിലും പാര്‍ലമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല. വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതുമെന്നും ഷാഫി പറമ്പില്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.