തിരുവനന്തപുരം: പൊലീസ് സേനയുടെ വീഴ്ചകളില്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം നിയമസഭയില്‍. പൊലീസ് മര്‍ദനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് വാദിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്തുവന്നു.
പൊലീസ് മര്‍ദനവും മറ്റ് വീഴ്ചകളും ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്ന് ഷാഫി നിയമസഭയില്‍ ചോദിച്ചു. കൃത്യമായ ഇടവേളകളില്‍ ആളെ കൊല്ലുന്നത് കേരള പൊലീസ് നിര്‍ത്തണം. ഭാര്യയെ തല്ലിയാല്‍ തല്ലുന്നവനെ തല്ലിക്കൊല്ലാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുമ്പോള്‍ എങ്ങനെയാണ് സംസ്ഥാനത്ത് ക്രമസമാധാനം നടപ്പാക്കുകയെന്ന് ഷാഫി ചോദിച്ചു.
Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം: ജസ്റ്റിസ് വി.കെ.മോഹനന്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു
പാര്‍ട്ടി കോടതിയുടെ ശൈലിയിലേക്ക് കേരളത്തിലെ പൊലീസ് മാറാന്‍ അനുവദിക്കരുതെന്ന് ഷാഫി പറഞ്ഞു. ലോക്കപ്പ് മര്‍ദനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കവെയാണ് ഷാഫിയുടെ പരാമര്‍ശം.
പൊലീസിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടല്‍ കാരണം 38 പേരാണ് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ കൊല്ലപ്പെട്ടത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇപ്പോഴത്തെ ഇടുക്കി എസ്‌പിക്ക് കൃത്യമായ പങ്കുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് ക്രൂരമായ മര്‍ദനത്തിന് രാജ്കുമാര്‍ വിധേയനായത് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Read Also: സഭാ തര്‍ക്കം; സുപ്രീം കോടതി വിധി സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. മര്‍ദകരായ പൊലീസുകാരെ സംരക്ഷിക്കുന്ന സാഹചര്യം നേരത്തെ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുറ്റക്കാരെ സംരക്ഷിക്കില്ല. പൊലീസ് സേനയിലെ അരുതായ്മകള്‍ കണ്ടെത്തി യഥാസമയം സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. കുഴപ്പക്കാരായ 12 പൊലീസുകാരെ ഇതിനോടകം ഈ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.