പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് പ്രതികൂലമായതിൽ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ. യുഡിഎഫ് ആഗ്രഹിച്ച ഫലമുണ്ടാക്കാൻ സാധിച്ചില്ലെന്ന് ഷാഫി തുറന്നുസമ്മതിച്ചു. കെപിസിസി നേതൃതലത്തിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
സംസാരം മാത്രം പോരാ, പ്രവർത്തനവും വേണം. സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്. തിരഞ്ഞെടുപ്പ് ഫലം കുറച്ചുകൂടെ നന്നാക്കാമായിരുന്നു. ഈ സർക്കാരിൽ ജനം രേഖപ്പെടുത്തുന്ന അവിശ്വാസത്തെ വോട്ടാക്കി മാറ്റാൻ സാധിച്ചില്ല. കൃത്യമായ ഒരുക്കത്തിന്റെ കുറവുണ്ടായിരുന്നു. കെപിസിസി നേതൃത്വത്തിന് മാത്രമല്ല, ഞങ്ങൾക്കെല്ലാവർക്കും അതുണ്ടായിട്ടുണ്ട്. കൂട്ടുത്തരവാദിത്തത്തോടെ ഏറ്റെടുക്കേണ്ടതായിരുന്നു, ഷാഫി പറഞ്ഞു.
“കോൺഗ്രസ് ഇതുകൊണ്ട് ഒലിച്ചുപോകത്തൊന്നും ഇല്ല. പക്ഷേ, വേണ്ടത്ര മികച്ച ഫലമുണ്ടാക്കാൻ പറ്റിയിട്ടില്ല എന്നത് തുറന്നുസമ്മതിക്കണം. എല്ലാം ഭദ്രമാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പാർട്ടി തോൽക്കുമ്പോൾ വേദനിക്കുന്ന ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്. നേതൃത്വം ഒരുമിച്ച് നിൽക്കുന്നത് കാണാനാണ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഓരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകണം. ജനങ്ങൾക്കുവേണ്ടിയുള്ള സ്ഥാനാർഥികളെ നൽകാൻ പാർട്ടി തയ്യാറാകണം. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ സാധിക്കണം,” ഷാഫി ആഞ്ഞടിച്ചു.
പാലക്കാട് നഗരസഭാ കെട്ടിടത്തിനു മുകളിൽ ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയ സംഭവത്തിലും ഷാഫി പ്രതികരിച്ചു. “ബിജെപിയുടെ പ്രകടനം തെറ്റായ സന്ദേശം നൽകുന്നു. ബിജെപി ചെയ്‌തത് ഭഗവാൻ ശ്രീരാമനോടുള്ള സ്നേഹം കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ല. നീതിയുടെ ഭാഗത്തുനിൽക്കുന്നതാണ് രാമന്റെ ശബ്ദം. വിശ്വാസികൾക്കെതിരായ അവഹേളനമാണ് ബിജെപി നടത്തിയത്,” ഷാഫി പറഞ്ഞു. പാലക്കാട് ബിജെപിയെ ഫീൽഡിൽ പ്രതിരോധിക്കുന്നത് കോൺഗ്രസ് ആണെന്നും ഷാഫി പറഞ്ഞു.