കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തി അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍. ഇന്ന് രാത്രി ഏഴേമുക്കാലോടെയായിരുന്നു സംഭവം. ഓഫിസിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നു.
പൊലീസ് എത്തിയാണ് എസ്എഫ്ഐ പ്രവര്‍ത്തരെ നീക്കിയത്. സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി, ക്യാമറ ദൃശ്യങ്ങള്‍ പരാതിക്കൊപ്പം നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത “നാർക്കോട്ടിക് ഈസ് ഡെർട്ടി ബിസിനസ്” എന്ന വാര്‍ത്ത പരമ്പരയിലെ പതിനാല് വയസുളള ഒരു വിദ്യാർഥിനിയുടെ അഭിമുഖത്തിൽ തന്നെ ചിലർ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.
പ്രസ്തുത വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവം വ്യാജമാണെന്നും അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കുവാനായി ഒരു പെൺകുട്ടിയെ ഇരയായി അഭിനയിപ്പിച്ചതാണെന്നും ഗുരുതരമായ തെറ്റാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢനത്തിന്റെ ഇരയാക്കി ചിത്രീകരിച്ച് സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കുകയും സർക്കാറിനും നിയമ സംവിധാനത്തിനെതിരെയും വിദ്വേഷം ഉയർത്തി വിടാവുന്ന കള്ള വാർത്ത പടച്ചു വിടുകയും സ്ത്രീത്വത്തെ അപമാനിച്ചു ഇന്റർവ്യൂ നടത്തുകയും ചെയ്ത ഏഷ്യാനെറ്റ് കേരള ജനതയോട് മാപ്പ് പറയണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.