കൊച്ചി: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ് മരിച്ച ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ മൃതദേഹവുമായുളള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുമ്പില്‍ കല്ലേറ് നടന്നു. എസ്എഫ്ഐ പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ യൂണിവേഴ്സിറ്റിക്ക് മുമ്പില്‍ കത്തിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിലാപയാത്രയുമായി വന്ന സംഘത്തില്‍ പെട്ടവര്‍ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചു.

എന്‍ജിഒ യൂണിയന്‍ ഓഫീസിന് നേരെയും സ്റ്റുഡന്റ് സെന്ററിന് നേരേയും കല്ലേറ് നടന്നു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു.

ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമമാണ് നടക്കുന്നത്. തെക്കൻ ജില്ലകളിലാണ് രാവിലെ അക്രമം കൂടുതൽ ഉണ്ടായത്.

രാത്രി വൈകി പ്രഖ്യാപിച്ച ഹർത്താലായതിനാൽ തന്നെ രാവിലെ ഇക്കാര്യം അറിയാൻ വൈകിയിരുന്നു. ഇതിനാൽ രാവിലെ കൊച്ചിയിലെ സ്വകാര്യ ബസുകളടക്കം സർവ്വീസ് നടത്തി. എന്നാൽ ഇവ ഏഴ് മണിക്ക് മുൻപ് തന്നെ സർവ്വീസ് അവസാനിപ്പിച്ചു.

രാവിലെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി വോൾവോ ബസിന് കൊല്ലത്ത് വച്ച് മൂന്ന് യുവാക്കൾ കല്ലെറിഞ്ഞു. കല്ലേറിൽ ബസിന്റെ ഡ്രൈവർ സീറ്റിന് മുൻവശത്തെ ഗ്ലാസ് തകർന്നു. ഡ്രൈവർക്കും പരിക്കേറ്റു. ഇതേ തുടർന്ന് ബസ് കൊല്ലത്ത് സർവ്വീസ് അവസാനിപ്പിച്ചു. യാത്രക്കാരെ ഇറക്കിവിട്ടു.

ആലപ്പുഴയിൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തിയതിനെ തുടർന്ന് സംഘർഷം ഉണ്ടായി. കെഎസ്ആർടിസി സ്റ്റാന്റിൽ​​ എത്തിയ ബിജെപി പ്രവർത്തകർ ഇവിടെ അക്രമം നടത്തി. ഇതേ തുടർന്ന് പൊലീസും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ തന്നെ കെഎസ്ആർടിസി യുടെ സർവ്വീസുകൾ സംസ്ഥാന വ്യാപകമായി നിർത്തിവയ്ക്കാൻ സംസ്ഥാന പൊലീസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

രാവിലെ പതിനൊന്ന് മണിയോടെയാണ് കോട്ടയത്തും പാലക്കാടും പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്. കോട്ടയത്ത് തിരുനക്കരയിൽ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർ ഇതര രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ ആക്രമിച്ചു. സിഐടിയു, സിപിഐ, മോട്ടോർ തൊഴിലാളി യൂണിയൻ തുടങ്ങി നിരവധി ഓഫീസുകളും കൊടിമരങ്ങളും ആക്രമിക്കപ്പെട്ടു. ഇവിടെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ തിരിച്ചടിച്ചതോടെ രൂക്ഷമായ സംഘർഷം നടന്നു. ബിജെപി പ്രവർത്തകർ മോട്ടോർ വാഹന തൊഴിലാളി ഓഫീസ് അടിച്ചുതകർത്തുക്കുന്ന ദൃശ്യം പകർത്തിയ മൂന്ന് മാധ്യമപ്രവർത്തകരെ ഇവർ മർദ്ദിച്ചു. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരെ ബിഎംഎസ് ഓഫീസ് ആക്രമിക്കുകയും ബിജെപി പ്രവർത്തകന്റെ കാർ തല്ലിത്തകർക്കുകയും ചെയ്തു.

പാലക്കാടും സമാനമായ നിലയിലായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. സിഐടിയുവിന്റെ നിർമ്മാണ തൊഴിലാളി യൂണിയൻ ഓഫീസ് ആക്രമിച്ച ബിജെപി പ്രവർത്തകർ, വാണിയംകുളത്ത് ഒരു ആംബുലൻസ് ആക്രമിക്കുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു.പത്തനം തിട്ടയിലും ഹർത്താലനുകൂലികളുടെ പ്രകടനം വഴിനീളെ കൊടിമരങ്ങളും വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളും ആക്രമിച്ചു. ഇവിടെയും സിപിഎം പ്രവർത്തകർ ബിജെപി-ബിഎംഎസ് ഓഫീസുകൾക്ക് നേരെ പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ