കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. പൊലീസിനു കീഴടങ്ങിയ ആര്‍ഷോയെ റിമാന്‍ഡ് ചെയ്തു.
ജാമ്യത്തിലിരിക്കെ വിവിധ കേസുകളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം മുന്നു മാസം മുന്‍പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇതില്‍ വിമര്‍ശനമുയരുകയും ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.
എന്നാല്‍, മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന എസ് എഫ് ഐ സമ്മേളനത്തില്‍ ഉള്‍പ്പെടെ ആര്‍ഷോ പങ്കെടുത്തത് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ച് ഒളിവിലാണെന്നാണു പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത്. എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന ആര്‍ഷോ പെരിന്തല്‍മണ്ണ സമ്മേളനത്തില്‍ വച്ചാണ് ആര്‍ഷോ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
Also Read: മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധം; കസ്റ്റഡി
ഈരാറ്റുപേട്ട സ്വദേശിയായ അഭിഭാഷന്‍ നിസാം നിസാമിനെ രാത്രിയില്‍ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ ആര്‍ഷോയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. 2018 ല്‍ നടന്ന സംഭവത്തില്‍ കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ആര്‍ഷോയ്‌ക്കെതിരായ കൂടുതല്‍ കേസുകളുടെ വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച പരാതിക്കാരന്‍, പ്രതി ജാമ്യത്തിലിറങ്ങി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണു ജാമ്യ ഉപാധികള്‍ ലംഘിച്ചെന്നു വിലയിരുത്തി ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് ഫെബ്രുവരി 28നു ജാമ്യം റദ്ദാക്കിയത്.
എം ജി സര്‍വകലാശാല തിരഞ്ഞെടുപ്പിനിടെ എ ഐ എസ് എഫ് നേതാവ് നിമിഷയെ ജാതിപ്പേര് വിളിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ആര്‍ഷോ. എറണാകുളം ലോ കോളജില്‍ റാഗിങ് സംബന്ധിച്ച പരാതിയിലും ആരോപണവിധേയനാണ്.
അറസ്റ്റിനുശേഷം വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൊലീസ് പൂര്‍ത്തിയാക്കി. ആര്‍ഷോയെ ചുവപ്പ് മാല അണിയിച്ച് മുദ്രാവാക്യം വിളികളോടയാണു പ്രവര്‍ത്തകര്‍ ജയിലിലേക്ക് അയച്ചത്.