കണ്ണൂര്‍: തലശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ ദേശീയപതാകയേയും ദേശീയ ഗാനത്തേയും ആക്ഷേപിക്കുന്നതെന്ന് ആരോപണം. തിയറ്ററില്‍ ദേശീയഗാനത്തിന്റെ ഭാഗമായി ദേശീയപതാക കാണിക്കുമ്പോള്‍ കസേരയ്ക്ക് പിറകില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്‍ട്ടൂണാണ് വിവാദത്തിന് വഴിമരുന്നിട്ടത്.
‘സിനിമ തീയറ്ററിൽ കസേര വിട്ടെഴുന്നേൽക്കുന്ന രാഷ്ട്രസ്നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറിപ്പും ഇതിനൊപ്പമുണ്ട്.
പെല്ലറ്റ് എന്നാണ് മാഗസിന്റെ ടൈറ്റില്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിംകോടതി തീരുമാനത്തെ പരിഹസിച്ചുവെന്നാണ് ആരോപണം.
എസ്എഫ്ഐ ആണ് കോളേജ് യൂണിയന്‍ ഭരിക്കുന്നത്. മാഗസിന്‍ ഉളളടക്കത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവും ശക്തമായി. നിരവധി പേരാണ് നവമാധ്യമങ്ങളിലൂടേയും മറ്റും വിമര്‍ശനവുമായി രംഗത്തെത്തിയത്.
സംഭവത്തില്‍ കോളേജ് അധികൃതരോ എസ്എഫ്ഐ നേതൃത്വത്തിലുളള കോളജ് യൂണിയനോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.