scorecardresearch
Latest News

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി കീഴടങ്ങി

അർജുൻ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തകരാണ് രാത്രിയോടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയത്

asianet news, sfi, ie malayalam

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബു കീഴടങ്ങി. അർജുൻ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തകരാണ് രാത്രിയോടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയത്.

മാ‍ര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫിസിനകത്ത് കയറി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറോളം ഓഫീസ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തു. പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവർ കേസിൽ പ്രതികളാണ്. അന്യായമായ കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫിസില്‍ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകിയിരുന്നു. ഓഫീസിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന സ്ഥാപനത്തിന്റെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരം ക്രൈം നമ്പര്‍ 454/2023 ആയി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ടു പ്രതികളെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sfi leader arjun babu surrendered in asianet news case