കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. ഇതിൽ നിന്ന് രക്തസാംപിളുകൾ കിട്ടി. ഇന്ന് ഉച്ചയോടെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയിൽ പരിശോധന നടത്തിയത്.

ഈ രക്തം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും. പ്രതികളുടേതാണോ, അല്ല കുത്തേറ്റ എസ്എഫ്ഐ പ്രവർത്തകരുടേതാണോ രക്തമെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

കൊലപാതകം നടന്ന് 13-ാം ദിവസമാണ് പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയിൽ പരിശോധന നടത്തിയത്. അഭിമന്യുവിനെ കൊലപ്പെടുത്തുകയും മറ്റുളളവരെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം പ്രതികൾ ചുളളിക്കലിലേക്കാണ് രക്ഷപ്പെട്ടതെന്നാണ് ഓട്ടോ ഡ്രൈവർ മൊഴി നൽകിയത്.

രാത്രി സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ വാടകയ്‌ക്ക് വിളിച്ചാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികൾ കൊലയാളികളാണെന്ന് അറിയാതെയാണ് താൻ ഇവരെ ചുളളിക്കലിൽ വിട്ടതെന്നാണ് ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ചുളളിക്കലിൽ പെട്രോൾ പമ്പിന് സമീപം ഓട്ടോ നിർത്തിച്ച ശേഷം പ്രതികൾ ഇവിടെയടുത്തുളള എസ്‌ഡിപിഐ ഓഫീസിന് നേർക്കാണ് നടന്നുപോയതെന്നാണ് ഓട്ടോ ഡ്രൈവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അതേസമയം വിദ്യാർത്ഥികളെ ആക്രമിച്ച 15 സംഘത്തിൽ ആകെ മൂന്ന് പേരാണ് ഇതുവരെ പിടിയിലായത്. ഇവരെ പിടികൂടിയതാകട്ടെ എസ്എഫ്ഐ പ്രവർത്തകരുമാണ്. മറ്റ് 12 പേരും രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുളള പൊലീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 13 ദിവസങ്ങൾ പിന്നിട്ടതോടെ പൊലീസിന് മേലുളള സമ്മർദ്ദവും വർദ്ധിച്ചിട്ടുണ്ട്.

പൊലീസിന് പ്രതികളെ പിടികൂടാനായില്ലെങ്കിൽ കേസന്വേഷണം വേഗത്തിൽ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയേക്കും. കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേർ പിടിയിലായിട്ടുണ്ട്. ആകെ പത്ത് പേരാണ് ഇതുവരെ പൊലീസ് പിടിയിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.