അഭിമന്യു കേസ്; മൂന്നാം പ്രതി ആരിഫ് പിടിയിലായത് പിതാവിനെ കണ്ട് മടങ്ങുമ്പോൾ

പെരുമ്പാവൂർ കോടനാട് ഭാഗത്തെ ഒളിസങ്കേതത്തിലെത്തിയ ആരിഫ് പൊലീസ് പിന്തുടരുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരനായ ആരിഫിനെ പൊലീസ് പിടികൂടിയത് പിതാവിനെ കണ്ടു മടങ്ങുമ്പോൾ. ആലുവ ചുണങ്ങുംവേലിയിലെ വീട്ടിൽ എത്തി മടങ്ങിയ പ്രതിയെ പിന്തുടർന്ന് പെരുമ്പാവൂർ കോടനാട് മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് പിന്തുടരുന്നതറിഞ്ഞ് രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.സുരേഷ് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്. “അഭിമന്യുവിനെ കൊലപ്പെടുത്തുകയും എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഇന്ന് പിടിയിലായ ആരിഫ് ബിൻ സലിം. ക്യാംപസ് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റാണ്. മഹാരാജാസ് കോളേജിലേക്ക് പുറത്തുനിന്നുളള കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയത് ആരിഫാണ്. ഇയാളാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ,” അന്വേഷണ ഉദ്യോഗസ്ഥനായ എസ്.സുരേഷ് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ആലുവ ചുണങ്ങുംവേലിക്കര മുളളങ്കുഴി ചാമക്കാലയിൽ വീട്ടിൽ മുഹമ്മദ് ബിൻ സലീമിന്റെ മകനാണ് ആരിഫ്. 25 കാരനായ ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120 (ബി), 143, 148, 341, 506 (ii), 201, 212, 323, 324, 326, 307, 302 r/w, 149 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

“ആലുവയിലെ വീട്ടിൽ പിതാവിനെ കാണാനെത്തിയതാണ് പ്രതി. ഇന്ന് രാവിലെയാണ് ഇയാൾ വീട്ടിൽ നിന്ന് മടങ്ങിയത്. ഇയാൾ വീട്ടിൽ വന്നിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇന്ന് രാവിലെ വീട്ടിൽ നിന്നും തിരികെ ഒളിസങ്കേതത്തിലേക്ക് മടങ്ങിയ ആരിഫിനെ പൊലീസ് സംഘം പിന്തുടർന്നു. പെരുമ്പാവൂർ കോടനാട് ഭാഗത്തെ ഒളിസങ്കേതത്തിന് അടുത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ആരിഫ് ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ വലയിൽ തന്നെയാണ് ചെന്നുവീണത്,” കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി പറഞ്ഞു.

കേസിൽ ആരിഫടക്കം എട്ട് പേർക്കായി കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആരിഫുൾപ്പടെ 19 പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. ആരിഫിനെ പൊലീസ് സംഘം ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കില്ലെന്ന് എസിപി എസ്.സുരേഷ് കുമാർ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sfi leader abhimanyu murder case 3rd accused arif came to visit father caught arrested

Next Story
ഉന്നത തീരുമാനം അംഗീകരിക്കും; സ്ഥാനമേറ്റെടുക്കുമെന്ന് കെ.സുധാകരൻk. sudhakaran
The moderation of comments is automated and not cleared manually by malayalam.indianexpress.com