കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 ൽ 12 പേരും വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസിന് മേൽ കൂടുതൽ സമ്മർദ്ദവും വന്നു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്.നാസറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മുളന്തുരുത്തിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ബാബ്റി മസ്ജിദ് പുനർ നിർമ്മാണത്തിന്റേതടക്കമുളള രേഖകൾ കണ്ടെത്തിയിരുന്നു.

എന്നാൽ ഇന്നലെ രാത്രി മൂവാറ്റുപുഴയിൽ പൊലീസിന്റെ രഹസ്യകേന്ദ്രത്തിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിനിടെ രക്തസമ്മർദ്ദം കൂടി നാസർ അവശനിലയിലായി. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കേസിൽ യുഎപിഎ ചുമത്തേണ്ടതില്ലെന്ന മുൻ നിലപാടിൽ സിപിഎം അയവുവരുത്തിയതായി അറിയുന്നു. പ്രതികളെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതായി വ്യക്തമായാൽ ഈ കുറ്റം ചെയ്തവർക്കെതിരെ യുഎപിഎ ചുമത്തിയേക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനുളള നീക്കവും നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ