കൊച്ചി: എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായത് മംഗലാപുരത്തിന് അടുത്ത് വച്ച്. കൊലപാതകത്തിന് ശേഷം കണ്ണൂരിലേക്ക് കടന്ന പ്രതി ഇവിടെ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്നു.

എസ്‌ഡിപിഐ പ്രവർത്തകരാണ് മുഹമ്മദ് അലിക്ക് സഹായം നൽകിയതെന്നാണ് വിവരം. ഗോവയ്ക്ക് അടുത്ത് വരെയെത്തിയ മുഹമ്മദ്, ഇവിടം സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി തിരികെ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. കണ്ണൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ ഒളിച്ചുകഴിയാനായിരുന്നു തീരുമാനം എന്നറിയുന്നു. എന്നാൽ ആദിലിൽ നിന്ന് വിവരം ലഭിച്ച പൊലീസ് കേരള കർണാടക അതിർത്തി പ്രദേശത്ത് വല വിരിക്കുകയും മംഗലാപുരത്തിനടുത്ത് വച്ച് മുഹമ്മദിനെ പിടികൂടുകയുമായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ മുഹമ്മദ് പറഞ്ഞ വിവരങ്ങൾ ഇങ്ങിനെ. മഹാരാജാസ് കോളേജിൽ ഏത് വിധേനെയും സ്വാധീനം നേടാനായിരുന്നു ഇത്തവണ എസ്‌ഡിപിഐ നേതൃത്വത്തിൽ നിന്ന് ലഭിച്ച നിർദ്ദേശം. എസ്എഫ്ഐയെ പ്രതിരോധിക്കാൻ എല്ലാ സഹായവും അവർ ക്യാംപസ് ഫ്രണ്ടിന് വാഗ്‌ദാനം ചെയ്തു. ഒന്നാം വർഷ ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി മഹാരാജാസ് കോളേജിലെ കിഴക്ക് വശത്തെ മതിലിന്റെ പുറം ചുവരിൽ ക്യാംപസ് ഫ്രണ്ടിന്റെ മുദ്രാവാക്യങ്ങൾ എഴുതാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ എസ്എഫ്ഐ നേരത്തെ ചുവരെഴുത്തിനായി വെളള പൂശി വച്ചതാണ്. ഇത് സംബന്ധിച്ച് രാത്രി എട്ടരയോടെ തർക്കം ഉടലെടുത്തു.

ഇതേ തുടർന്ന് എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസിൽ വിളിച്ച് വിവരം പറഞ്ഞു. ഇവിടെ നിന്നുളള സംഘം ഉടൻ തന്നെ മഹാരാജാസ് കോളേജിന് സമീപത്തെത്തി. ജില്ലയുടെ മറ്റിടങ്ങളിൽ നിന്നുളളവരും രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തി.

ഒന്നര മണിക്കൂറോളം ക്യാംപസിന് പുറത്ത് എസ്‌ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കാത്തുനിന്നു. എസ്എഫ്ഐ പ്രവർത്തകർ പുറത്തെ ചുവരിൽ എഴുതാനെത്തിയപ്പോഴാണ് അവിടം ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുതിയതായി കണ്ടത്. ഇതോടെ ഇതിന് മുകളിൽ എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം എഴുതി. ഈ സമയത്താണ് എസ്‌ഡിപിഐ പ്രവർത്തകരുമായി മുഹമ്മദ് അലി ഇവിടേക്ക് വന്നത്. പിന്നീട് സംഘർഷം നടന്നു.

ഈ സംഘർഷത്തിനിടയിലാണ് അഭിമന്യു അടക്കമുളള വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. മുഹമ്മദിനൊപ്പം മറ്റ് നാല് പേർ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാൽ സംഭവത്തിൽ ഇവരുടെ പങ്കെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. മഹാരാജാസ് കോളേജിലെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയായ മുഹമ്മദ്, ക്യാംപസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. മഹാരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റും മുഹമ്മദാണ്.

അതേസമയം, മുഹമ്മദിന് സഹായം നൽകിയവരെ പൊലീസ് തിരയുന്നുണ്ട്. ഇവരിലൂടെ മറ്റ് പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷത്തിൽ നേരിട്ട് പങ്കാളികളായവരിൽ അഞ്ച് പേരാണ് ഇതുവരെ പിടിയിലായത്. ശേഷിച്ച പത്ത് പേരടക്കം 30 ലേറെ പേർക്ക് കൊലപാതകത്തിൽ പങ്കുളളതായാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.