കൊച്ചി: കുസാറ്റില്‍ എസ്എഫ്ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഹോസ്റ്റല്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നടന്ന സംഘർഷത്തിൽ നാല് കെഎസ്‌യു പ്രവർത്തകർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരായ ഉനൈസ്, അന്‍സാര്‍, ജഗത്, സുമിന്‍ എന്നിവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

ബിടെക് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തിരഞ്ഞെടുപ്പില്‍ കെഎസ്‌യു വിജയിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി ആക്രമിച്ചെന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് അടുത്ത ബുധനാഴ്ച വരെ അടച്ചു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസുകാരെ ഇറക്കി വിടാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതാണ് വിവാദമായിരിക്കുന്നത്. പൊലീസുകാരുടെ ലാത്തി എസ്എഫ്‌ഐ നേതാക്കൾ വലിച്ചെറിഞ്ഞു. പുതിയതായി നിയമിച്ച അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളാണ് പൊലീസിനെ എതിർത്തത്.

യൂണിവേഴ്‌സിറ്റി കോളേജിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരുമായാണ് എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. എസ്എഫ്‌ഐയുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അധികമായാൽ അമൃതും വിഷമാണ്. പൊലീസുകാർ കോളേജിനകത്ത് കയറേണ്ട ആവശ്യമില്ല. കോളേജിലെ കാര്യങ്ങൾ നിലവിൽ സുഗമമായാണ് മുന്നോട്ട് പോകുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.