കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ പരാതി. ട്വിറ്ററിലൂടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനുമാണ് മുഹമ്മദ് സിറാജ് പരാതി നൽകിയത്.

പയ്യന്നൂരിൽ ബിജു കൊല്ലപ്പെട്ട ശേഷം സിപിഎം പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടിൽ കുമ്മനം രാജശേഖൻ പോസ്റ്റ് ചെയ്ത വിഡിയോ ആർഎസ്എസ്-സിപിഎം സംഘർഷം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങൾക്കുമിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനും അതുവഴി അക്രമത്തിനും ലക്ഷ്യമിട്ടാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സിറാജ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ നിയമസഭയിൽ നടന്ന ചർച്ചയിലും ഇക്കാര്യം സംബന്ധിച്ച് ആവശ്യമെങ്കിൽ കുമ്മനം രാജശേഖരനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഈ വിഡിയോ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വ്യക്തമാക്കി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും നേരത്തേ രംഗത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ