തിരുവനന്തപുരം: ലോ അക്കാദമി സമര വിജയത്തില്‍ സന്തോഷമില്ലാത്തത് സമരത്തെ വഞ്ചിച്ച എസ്എഫ്ഐക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നന്മയുടെ ഭാഗമായി പ്രവര്‍ത്തിച്ച ഗവര്‍ണര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോ അക്കാദമിയിലെ സമരം ഒരു കലാലയത്തിന്റ മാത്രം സമരമായിരുന്നില്ല. കേരളം മനസ് കൊടുത്തു ഏറ്റെടുത്ത സമരമായിരുന്നു. അതുകൊണ്ടു തന്നെ ഈ സമരത്തിന്റെ വിജയത്തിൽ സന്തോഷം ഇല്ലാത്തത് സമരത്തെ വഞ്ചിച്ച എസ്.എഫ്.ഐ യ്ക്ക് മാത്രമായിരിക്കും. മാനേജുമെന്റിനും സർക്കാരിനും വേണ്ടി വിദ്യാർത്ഥി സമൂഹത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് എസ്.എഫ്.ഐ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആരോടും ചോദിക്കാതെ ഒറ്റയ്ക്ക് സമരം അവസാനിപ്പിച്ച എസ്.എഫ്.ഐ യുടെ കള്ളക്കളി വെളിച്ചത്ത് വന്നു. കബളിപ്പിക്കൽ തിരിച്ചറിഞ്ഞതോടെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഒറ്റക്കെട്ടായി സമരം തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമരം ഒത്തുതീർപ്പാകും എന്ന് പ്രതീക്ഷിച്ചു 20 ദിവസം വരെ കാത്തിരുന്നെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്നാണ് സ്ഥലം എം എൽ എ കൂടിയായ കെ മുരളീധരൻ നിരാഹാരത്തിലേക്ക് കടന്നത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് ബോധ്യം വന്നതിനാലാണ് തുടക്കം മുതൽക്കേ കൂടെ ഞാൻ അവരോടൊപ്പം നിലയുറപ്പിച്ചത്. ആദ്യം ഞാൻ നൽകിയ കത്തിലാണ് വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്കു വിളിച്ചത്. രണ്ടാം ഘട്ട ചർച്ചയിൽ നിന്നും മന്ത്രി തന്നെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. കുട്ടികളെ സൂത്രപ്പണിയിലൂടെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആത്മാർത്ഥത ഇല്ലാത്ത സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞതോടെ ഗവർണറെ സമീപിച്ചു. ഒരുമാസമായി വിദ്യാർത്ഥികളുടെ ക്ലാസ് നഷ്ടമായി എന്ന് കൂടി പറഞ്ഞതോടെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം വളരെ ശക്തമായ ഇടപെടൽ നടത്തുകയും സമരം അവസാനിപ്പിക്കാനുള്ള നടപടി എടുക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. നന്മയുടെ കാവൽക്കാരനായി നിലയുറപ്പിച്ച ഗവർണർക്ക് ആദരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുൽ ജബ്ബാറിന്റെ മരണം സൃഷ്ടിച്ച ഞെട്ടലും വിദ്യാർത്ഥികളെ ചോരയിൽ മുക്കാനുള്ള പോലീസ് നീക്കവും മറികടന്നു നട്ടെല്ലോടെ സമരം ചെയ്ത കെ.എസ്.യു അടക്കമുള്ള വിദ്യാർത്ഥികളെ അനുമോദിക്കുന്നു. വീടുകളിൽ നിന്നുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ച പെൺകുട്ടികൾക്ക് ഓരോ ദിവസവും സമരവീര്യം കൂടുകയാണ് ചെയ്തത്. അവരുടെ പോരാട്ടവീര്യത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം ഒരു കലാലയത്തിന്റ മാത്രം സമരമായിരുന്നില്ല. കേരളം മനസ് കൊടുത്തു ഏറ്റെടുത്ത സമരമായിരുന്നു. അതുകൊണ്ടു തന്നെ ഈ സമരത്തിന്റെ വിജയത്തിൽ സന്തോഷം ഇല്ലാത്തത് സമരത്തെ വഞ്ചിച്ച എസ്.എഫ്.ഐ യ്ക്ക് മാത്രമായിരിക്കും. മാനേജുമെന്റിനും സർക്കാരിനും വേണ്ടി വിദ്യാർത്ഥി സമൂഹത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് എസ്.എഫ്.ഐ സ്വീകരിച്ചത്. ആരോടും ചോദിക്കാതെ ഒറ്റയ്ക്ക് സമരം അവസാനിപ്പിച്ച എസ്.എഫ്.ഐ യുടെ കള്ളക്കളി വെളിച്ചത്ത് വന്നു. കബളിപ്പിക്കൽ തിരിച്ചറിഞ്ഞതോടെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഒറ്റക്കെട്ടായി സമരം തുടർന്നു.
സമരം ഒത്തുതീർപ്പാകും എന്ന് പ്രതീക്ഷിച്ചു 20 ദിവസം വരെ കാത്തിരുന്നെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്നാണ് സ്ഥലം എം എൽ എ കൂടിയായ കെ മുരളീധരൻ നിരാഹാരത്തിലേക്ക് കടന്നത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് ബോധ്യം വന്നതിനാലാണ് തുടക്കം മുതൽക്കേ കൂടെ ഞാൻ അവരോടൊപ്പം നിലയുറപ്പിച്ചത്. ആദ്യം ഞാൻ നൽകിയ കത്തിലാണ് വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്കു വിളിച്ചത്. രണ്ടാം ഘട്ട ചർച്ചയിൽ നിന്നും മന്ത്രി തന്നെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. കുട്ടികളെ സൂത്രപ്പണിയിലൂടെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്.
ആത്മാർത്ഥത ഇല്ലാത്ത സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞതോടെ ഗവർണറെ സമീപിച്ചു. ഒരുമാസമായി വിദ്യാർത്ഥികളുടെ ക്ലാസ് നഷ്ടമായി എന്ന് കൂടി പറഞ്ഞതോടെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം വളരെ ശക്തമായ ഇടപെടൽ നടത്തുകയും സമരം അവസാനിപ്പിക്കാനുള്ള നടപടി എടുക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തു.
നന്മയുടെ കാവൽക്കാരനായി നിലയുറപ്പിച്ച ഗവർണർക്ക് ആദരം.
അബ്ദുൽ ജബ്ബാറിന്റെ മരണം സൃഷ്ടിച്ച ഞെട്ടലും വിദ്യാർത്ഥികളെ ചോരയിൽ മുക്കാനുള്ള പോലീസ് നീക്കവും മറികടന്നു നട്ടെല്ലോടെ സമരം ചെയ്ത കെ.എസ്.യു അടക്കമുള്ള വിദ്യാർത്ഥികളെ അനുമോദിക്കുന്നു….വീടുകളിൽ നിന്നുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ച പെൺകുട്ടികൾക്ക് ഓരോ ദിവസവും സമരവീര്യം കൂടുകയാണ് ചെയ്തത്. അവരുടെ പോരാട്ടവീര്യത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഈ വിജയം വിദ്യാർത്ഥികളുടേതാണ്
ഈ വിജയം ന്യായത്തിന്റേതാണ്
ഈ വിജയം നന്മ ആഗ്രഹിക്കുന്ന പൊതു സമൂഹത്തിന്റേതാണ്.
ഇവിടെ തോറ്റുപോയത് ഒറ്റുകാരാണ്
ഇവിടെ തോറ്റത് പിടിവാശിയാണ്
ഭരണകൂടവും അവരുടെ സ്പോൺസേർഡ് സംഘടനകളും എതിര് നിൽക്കുമ്പോഴും പൊരുതി വിജയിച്ച പ്രിയപ്പെട്ട കുട്ടികൾക്കും അവർക്കായി നിരാഹാരമനുഷ്ഠിച്ച കെ മുരളീധരനും അഭിവാദ്യങ്ങൾ ….