തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾതന്നെ കുത്തിയ സംഭവത്തെ വിമര്‍ശിച്ച് ഇടതുപക്ഷ അനുഭാവിയായ സംവിധായകന് ആഷിഖ് അബു രംഗത്ത്. വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക.’ ആഷിഖ് കുറിച്ചു. മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
സംഭവത്തെ അപലപിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. ശിരസ് ലജ്ജാഭാരം കൊണ്ട് പാതാളത്തോളം താഴുന്നതായി അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു.
Read More: കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍; എസ്എഫ്ഐ അക്രമിക്കൂട്ടം ഒളിവില്‍
ഹൃദയം നുറുങ്ങുന്നു. കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു. എന്റെ, എന്റെ എന്ന് ഓരോരുത്തരും ഓർത്തെടുക്കുന്ന വിദ്യാർഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്. യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സർഗാത്മക യൗവനത്തെയാണ് നിങ്ങൾ ചവുട്ടി താഴ്ത്തിയത്.
നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല, ശിരസു കുനിച്ചു മാപ്പപേക്ഷിക്കുക എന്നും അദ്ദേഹം അതീവ ദുഖത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.