തിരുവനന്തപുരം: നിരവധി വിദ്യാർത്ഥികളുടെ കണ്ണീര് വീഴ്ത്തിയ യൂണിവേഴ്സ്റ്റിറ്റി കോളേജിലെ എസ് എഫ് ഐ ഇന്ന് ചോരയും വീഴ്ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാലയത്തിന് അഭിമാനമായ പവർ ലിഫ്റ്റിങ് ചാമ്പ്യൻ അഖിലിനെയാണ് എസ്എഫ്ഐ കുത്തിവീഴ്ത്തിയതെന്നും സ്വന്തം അമ്മയുടെ മുന്നിൽ വച്ചാണ് ഈ ക്രൂരത നടത്തിയതെന്നു അദ്ദേഹം പറഞ്ഞു.

‘യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി യൂണിവേഴ്‌സിറ്റി കോളേജില്‍ ആരോഗ്യകരമായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിന് പകരം ഗുണ്ടാ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐ നടത്തുന്നത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകളെയൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന എസ്.എഫ്.ഐ ഇപ്പോള്‍ സ്വന്തം സംഘടനയിലുള്ള കുട്ടികളെപ്പോലും മര്‍ദ്ദിച്ചൊതുക്കുന്ന ഭീകരപ്രവര്‍ത്തന രീതിയിലേക്കാണ് മാറിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read More: എസ്എഫ്ഐയുടെ കൈയൂക്ക്; വി.പി സാനുവിനെ തളളി ജില്ലാ നേതൃത്വം; ‘യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടില്ല’

‘ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടി കണ്ണീരോടെ കോളേജ് വിട്ടതിന് പിന്നാലെയാണ് ഈ കത്തിക്കുത്തും സംഭവിച്ചിരിക്കുന്നത്. സദാചാര പോലീസായി മാറിയ എസ് എഫ് ഐ,വിദ്യാർത്ഥികളെ മർദ്ദിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. ഈ ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ അവസരവും തണലുമൊരുക്കുന്നത് സിപിഎമ്മാണ്. പൊലീസുകാരെ മർദ്ദിച്ച പ്രതിയാണ് ഇപ്പോൾ അഖിലിനെ കുത്തിയിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

‘വിദ്യാർത്ഥിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയിട്ടും മൗനം പാലിച്ച കോളേജ് അധികൃതർക്ക്, മാധ്യമ പ്രവർത്തകരെ കാമ്പസിൽ നിന്നും ഇറക്കാനായിരുന്നു തിരക്ക്. കാമ്പസിലെ ഇടിമുറിയെക്കുറിച്ചു പുറം ലോകം അറിയാതിരിക്കാനാണ് എസ്.എഫ്.ഐ.പ്രവർത്തകർ മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ചു പുറത്താക്കിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി പീഡനം വാർത്തയാക്കുന്നതിലെ അസ്വസ്ഥത മൂലമാണ് മാധ്യമപ്രവർത്തകർക്കെതിരെ എസ്എഫ് ഐ തിരിഞ്ഞത്. പുറമെ നിന്നുള്ള ഗുണ്ടകളും ആക്രമിച്ചെന്ന വിദ്യാർത്ഥികളുടെ മൊഴികൂടി കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ സര്‍ക്കാരോ എസ്.എഫ്.ഐ നേതൃത്വമോ കണ്ണുതുറന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമികള്‍ക്ക് സി.പി.എം നേതൃത്വം എല്ലാ ഒത്താശയും നല്‍കുന്നു. കേരളത്തിന്റെ തിലകക്കുറിയാകേണ്ട ഒരു കലാലയത്തെയാണ് ഇവര്‍ ഗുണ്ടാവിളയാട്ട കേന്ദ്രമാക്കി മാറ്റിയത്. അതിനെതിരായ കുട്ടികളുടെ ശക്തമായ വികാരമാണ് ഇന്ന് ആ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ പുറത്ത് വന്നത്. യൂണിവേഴ്‌സിറ്റി കോളേജിനെ ഇങ്ങനെ എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടത്തിന് വിട്ടു കൊടുക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.