തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍.
നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കേസില്‍ പ്രതികളായ കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. എന്നാൽ മൂന്ന് ദിവസമായിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ആക്രമണം ആസൂത്രിതമെന്നാണ് എഫ്ഐആർ റിപ്പോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദേശം പ്രവർത്തകനായ അഖിൽ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കൊലവിളിയോടെയാണ് അഖിലിനെ കുത്തിയതെന്നും എഫ്ഐആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിദ്യാര്‍ഥിയെ കുത്തിയ എസ്എഫ്ഐ നേതാക്കള്‍ ഒളിവിലെന്നു പൊലീസ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും അടക്കം ഏഴു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഇവര്‍ക്കെതിരേ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
Read More: വിദ്യാര്‍ത്ഥിയെ കുത്തിയ ഏഴ് പ്രതികളും ഒളിവില്‍; അര്‍ദ്ധരാത്രി വീടുകളില്‍ പരിശോധന നടത്തി പൊലീസ്
കുത്തിയത് ശിവരഞ്ജിത്താണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്നും കത്തിവാങ്ങി കുത്തുകയായിരുന്നു എന്നാണ് വിവരം. ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈത്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.
അതേസമയം, കേസില്‍ പ്രതികളായ എല്ലാവരും കേരളാ സര്‍വകലാശാലയിലെ യൂണിയന് ഓഫീസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തും സഹപാഠിയുമായ ജിതിന് വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കേരള സര്‍വകലാശാലയിലെ യൂണിയന് ഓഫീസായ സ്റ്റുഡന്‍സ് സെന്ററില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നല്കാന് പോയപ്പോള്‍ നസീമടക്കമുള്ള പ്രതികളെ അവിടെ കണ്ടെന്നും ജിതിന് പറഞ്ഞു.