തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവില്‍. ഏഴ് പ്രതികളാണ് ഒളിവിലുളളതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി. ഇവിടെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇവര്‍ കീഴടങ്ങാന്‍ ഇടയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുളളവരാണ് ഒളിവിലുളളത്.

മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനാണ് ഇന്നലെ കുത്തേറ്റത്. അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം കാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികൾ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജന ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മർദിക്കുകയും കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.

Read More: എസ്എഫ്ഐയുടെ കൈയൂക്ക്; വി.പി സാനുവിനെ തളളി ജില്ലാ നേതൃത്വം; ‘യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടില്ല’

ഇതിനെതിരെ എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ തന്നെ സംഘടനക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇവർ കോളേജിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോളേജ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് പുറത്താക്കി. സംഭവത്തെ കുറിച്ച് അറിയില്ലെന്നും അഡ്മിഷന്റെ തിരക്കാണെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.

സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.