കൊച്ചി: എസ്എഫ്ഐ ഇടുക്കി ജില്ലാ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തേ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച ശേഷം പ്രതികൾ മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.

ഓട്ടോറിക്ഷയിൽ മട്ടാഞ്ചേരി ചുളളിക്കലിൽ ചെന്നിറങ്ങിയ പ്രതികൾ എസ്‌ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്. ഇത് പൊലീസിന് ലഭിച്ചു. സംഭവത്തിൽ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.

പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്റർ ഒട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വിളിച്ചതനുസരിച്ച് കൂടുതൽ പേർ സ്ഥലത്തെത്തി. ഇതോടെ വാക്കുതർക്കം കൈയ്യാങ്കളിയിലായി.

ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാൾ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്ഐ പ്രവർത്തകർ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അർജുനെ പിന്നീട് കുത്തിപ്പരുക്കേൽപ്പിച്ചു.

സംഘർഷത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ എസ്എഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അർജുനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് അർജുൻ. ഇദ്ദേഹത്തിന്റെ വയറിനാണ് കുത്തേറ്റത്. കരളിൽ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് പുലർച്ചെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അർജുനെ വെന്റിലേറ്ററിലേക്ക് മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.