കൊച്ചി: “അടുത്ത കാലത്ത് ഇത്രയും സമാധാനമായി ക്യാംപസ് മുന്നോട്ട് പോയത് ഞങ്ങൾക്കൊക്കെ വലിയ പ്രതീക്ഷയായിരുന്നു. എത്ര കുട്ടികളാണെന്നോ, എല്ലാവർക്കും 90 ശതമാനത്തിന് മുകളിലായിരുന്നു മാർക്ക്. അതിന് താഴെ മാർക് ലഭിച്ചവർക്കൊന്നും മഹാരാജാസിൽ കിട്ടിയില്ല. എന്നാൽ ഈ കൊലപാതകം അത് ഇത്രയും നാളത്തെ സമാധാനത്തെയാണ് ഇല്ലാതാക്കിയത്,” ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധ്യാപിക അനുപയാണ് ഇക്കാര്യം പറഞ്ഞത്.

സമീപകാലത്ത് സംഘർഷങ്ങളില്ലാതെ സൗഹാർദ്ദത്തിലൂന്നി മുന്നോട്ട് പോയ മഹാരാജാസ് കോളേജ് പക്ഷെ ആദ്യമായി ഒരു വിദ്യാർത്ഥിയുടെ മരണത്തിന് കൂടി സാക്ഷിയായി. ഇടുക്കി വട്ടവടയിലെ തീർത്തും ദരിദ്രമായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് ഉന്നത പഠന മോഹവുമായാണ് അഭിമന്യു മഹാരാജാസിലെത്തിയത്.

“കഴിഞ്ഞ വർഷം ഹോസ്റ്റലില്ലായിരുന്നു. ഞങ്ങളന്ന് കിട്ടുന്നിടത്ത് കിടന്നുറങ്ങി അലഞ്ഞ് നടന്നൊക്കെയാണ് ചേട്ടാ പഠിച്ചത്. അവന്റെ വീട്ടിലും അത്ര നല്ല സാമ്പത്തിക സ്ഥിതിയൊന്നുമായിരുന്നില്ല. അവൻ സിനിമ പോസ്റ്ററൊക്കെ ഒട്ടിച്ചാണ് അന്ന് ജീവിച്ചത്.” പറയുമ്പോൾ കൊലപതാകത്തിൽ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അരുൺ ജോൺ.

ഇന്നാണ് പുതിയ അദ്ധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കേണ്ടിയിരുന്നത്. പതിവ് രീതിയിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി അലങ്കരിക്കാനും പോസ്റ്ററൊട്ടിക്കാനുമായാണ് വിദ്യാർത്ഥികൾ രാത്രിയിൽ കോളേജിന് സമീപത്തെത്തിയത്. ഈ കൂട്ടത്തിൽ പക്ഷെ അഭിമന്യുവോ, അർജുനോ ഉണ്ടായിരുന്നില്ല.

അഭിമന്യുവിന്റെ മൃതദേഹം പൊതുദർശനത്തിനായി എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവരുന്നു

“ഞങ്ങള് ക്യാംപസിന്റെ പുറക് വശത്തെ ചുവരുകൾ നേരത്തെ ബുക്ക് ചെയ്തതാണ് ചേട്ടാ. രാത്രി 11 മണിയൊക്കെ ആയപ്പോഴാണ് ഞങ്ങൾ ചുവരെഴുതാനും പോസ്റ്ററൊട്ടിക്കാനും വന്നത്. അന്നേരത്ത് ഞങ്ങൾ ബുക്ക് ചെയ്ത ചുവരുകളെല്ലാം അവർ എഴുതി വച്ചിരിക്കുന്നു. അവർ ഒരു ഒൻപത് മണിയോടെ തന്നെ അവിടെ എത്തിയിരുന്നു. ഞങ്ങളതിന് മുകളിൽ എഴുതി. അപ്പോഴേക്കും അവരൊരു 10-20 പേർ അങ്ങോട്ട് വന്നു. വണ്ടിയിലൊന്നും ആയിരുന്നില്ല. നടന്നാണ് വന്നത്,” അരുൺ പറഞ്ഞു.

“അവിടെ വച്ച് തർക്കം ഉണ്ടായി. ഹോസ്റ്റൽ സെക്രട്ടറിയാണ് അഭിമന്യു. അതാണ് അവനോട് വിളിച്ച് പറഞ്ഞത്. ഈ സമയത്ത് അവൻ ഹോസ്റ്റലിലായിരുന്നു. അവൻ വന്ന് ഒരഞ്ച് മിനിറ്റ്. ഗേൾസ് ഹോസ്റ്റലിന്റെ ഭാഗത്തേക്ക് പിൻവാങ്ങിയ അവർ പെട്ടെന്നാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. അവർ ഒരു 20 പേരുണ്ടായിരുന്നു. ഞങ്ങളും അത്ര തന്നെ ആൾക്കാരുണ്ടായിരുന്നു. അടിയുടെ ഇടയിൽ അഭിമന്യുവാണ് തിരികെയോടുന്നതാണ് ആദ്യം കണ്ടത്. കുറച്ച് ദൂരം ഓടിയ അവൻ റോഡരികിൽ വീണു,” അരുൺ പറഞ്ഞു.

അഭിമന്യുവിനെ സംഘർഷത്തിനിടയിൽ അക്രമി സംഘം ഹൃദയത്തിന്റെ സ്ഥാനം നോക്കി കുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. കുത്തേറ്റ് ഓടിയ അഭിമന്യു, ആദ്യം നിലത്ത് വീണതാണെന്നാണ് കരുതിയത്. പക്ഷെ കോതമംഗലം സ്വദേശിയായ വിദ്യാർത്ഥി റോമി അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് നെഞ്ചിൽ കുത്തേറ്റത് കണ്ടത്.

“അവരവനെ തീർക്കാൻ വേണ്ടി തന്നെ വന്നതാണ് ചേട്ടാ. അല്ലെങ്കിൽ ആ കൂട്ടത്തിൽ അവനെ തന്നെ അവർക്കെങ്ങിനെ കിട്ടി. റോഡിൽ കുത്തുകൊണ്ട് വീണ അവനെ ഞാനാ ചേട്ടാ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയത്. ഒരു ഓട്ടോക്കാരൻ അതുവഴി പോയപ്പോ കുത്തുകൊണ്ടതാണ് ആശുപത്രിയിലെത്തിക്ക് ചേട്ടാന്ന് കരഞ്ഞ് പറഞ്ഞിട്ടും അയാൾ നിർത്താതെ പോയി.” അഭിമന്യുവിനെ രക്ഷിക്കാൻ സാധിക്കാതെ പോയതിന്റെ സങ്കടം പറഞ്ഞു.

അഭിമന്യുവിന് കുത്തേറ്റുവെന്ന കാര്യം വിളിച്ച് പറഞ്ഞപ്പോഴാണ് കൂട്ടത്തിൽ മറ്റൊരാൾക്കും കൂടി കുത്തേറ്റിട്ടുണ്ടെന്ന് മനസിലായത്. അർജുൻ, അഭിമന്യുവിന്റെ ആത്മാർത്ഥ സുഹൃത്ത് മാത്രമല്ല. എസ്എഫ്ഐയുടെ പ്രധാന പ്രവർത്തകരിലൊരാൾ കൂടിയായിരുന്നു.

മഹാരാജാസിൽ 1970 കളിലാണ് ഇതിന് മുൻപ് ഒരു കൊലപാതകം നടക്കുന്നത്. അന്ന് ഇന്നത്തെ മന്ത്രിയായ തോമസ് ഐസകായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. പക്ഷെ ആളുമാറിപ്പോയി. കൊലക്കത്തിക്കിരയായത് ലക്ഷദ്വീപ് സ്വദേശിയായ മുത്തുക്കോയയും.

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിന് മുന്നിൽ മരണവിവരമറിഞ്ഞ് തടിച്ചുകൂടിയ വിദ്യാർത്ഥികൾ

പിന്നീട് അതേ കൊലക്കത്തി സൈമൺ ബ്രിട്ടോയുടെ പാതിജീവനെടുത്തു. മഹാരാജാസിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അന്നത്തെ എസ്എഫ്ഐ നേതാവായിരുന്ന സൈമൺ ബ്രിട്ടോ മഹാരാജാസിലേക്ക് എത്തിയത്. പക്ഷെ സംഘർഷത്തിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബ്രിട്ടോയെ കെഎസ്‌യു പ്രവർത്തകനായ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയാണ് കുത്തിയത്.

ഇന്നലെ എസ്എഫ്ഐ പ്രവർത്തകരെ കുത്തിയ സംഘത്തിൽ പക്ഷെ മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുണ്ടോയെന്ന് വ്യക്തമല്ല. അറബിക് ഭാഷയിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥിയും, പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥിയും സംഘത്തിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്.

സംഘട്ടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കൊണ്ടുപോയി. ഈ ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിയാനുളള ശ്രമമാണ് നടക്കുന്നത്. അതേസമയം പിടിയിലായ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ച് അക്രമി സംഘത്തിലെ മുഴുവൻ പേരെയും കണ്ടെത്താനാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നീക്കം. പ്രതികളെയെല്ലാം ഉടൻ പിടികൂടുമെന്ന് സെൻട്രൽ സിഐ എ അനന്തലാൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.