കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുളള പ്രതികൾക്ക് നേരിട്ട് ബന്ധമുളളതായി സംശയം. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്‌ഡിപിഐ പ്രവർത്തകരായ രണ്ട് പേർക്കാണ് സംഭവത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് സംശയം ഉയർന്നിരിക്കുന്നത്.

എസ്എഫ്ഐ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിച്ച ഒരു വശം. എറണാകുളം നോർത്തിലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ താമസിച്ചിരുന്ന ഹോസ്റ്റലുമായി ബന്ധപ്പെട്ടവരെയടക്കം ഈ കേസിൽ സംശയിക്കുന്നുണ്ട്.

നേരത്തെ തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിരുന്ന നിയാസിന് ഈ കേസിൽ എന്തെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ കസ്റ്റഡിയിലെടുത്തവരിൽ ഏറെ പേരും ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവരാണ്. ഇവരെയെല്ലാം പിന്നീട് ഹൈക്കോടതി മാർച്ച് കേസിൽ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഹൈക്കോടതി മാർച്ചിൽ പങ്കെടുത്തവർക്ക് ഈ കേസുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ അന്വേഷണത്തിന്റെ ഘട്ടത്തിൽ ഇവരുടെ പങ്ക് വ്യക്തമായാൽ രക്ഷപ്പെടാതിരിക്കാനുളള കരുതൽ കൂടിയാണ് ഈ അറസ്റ്റ് നീക്കം.

അതേസമയം കേസിന്റെ അന്വേഷണ ചുമതല കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാറിനെ ഏൽപ്പിച്ചിട്ടുണ്ട്. അഞ്ച് സിഐമാരുടെ നേതൃത്വത്തിലുളള സംഘമാണ് സുരേഷ് കുമാറിനെ സഹായിക്കുക. നേരത്തെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന സിഐ അനന്തലാലും സംഘത്തിലുണ്ട്.

കേസിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതും ഇതിൽ കൈവെട്ട്, കളമശേരി ബസ് കത്തിക്കൽ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടവർക്ക് പങ്കുണ്ടോയെന്നതുമാണ് പൊലീസ് അന്വേഷിക്കുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തുകയും മറ്റൊരു വിദ്യാർത്ഥി അർജുനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്ത സംഘത്തിൽ 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.

വിവിധ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്ന പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്ക് പ്രതികൾ കടന്നതായാണ് സംശയം. എന്നാൽ ഇത്തരത്തിൽ സംസ്ഥാനം വിട്ടിരിക്കാനുളള സാധ്യത വളരെ കുറവാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

എറണാകുളവുമായി ഏറെ അടുത്ത് കിടക്കുന്ന ജില്ലകളിൽ പ്രതികൾ കടന്നിരിക്കാമെന്നും ഇവിടെ എസ്‌ഡിപിഐ പ്രവർത്തകർ പ്രതികൾക്ക് താവളമൊരുക്കിയിരിക്കാമെന്നുമാണ് സംശയിക്കുന്നത്. നാല് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ