scorecardresearch
Latest News

സെക്സി ദുർഗയെ ഒഴിവാക്കിയ നടപടിയെ അപലപിക്കുന്നു; സിനിമാ പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നു

സെക്സി ദുർഗയെ ഒഴിവാക്കിയ നടപടിയെ അപലപിക്കുന്നു; സിനിമാ പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

കൊച്ചി: ഇന്‍റനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്നും സെക്സി ദുർഗയെയും ന്യൂഡിനെയും ഒഴിവാക്കിയ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നടപടിയെ വിമർശിച്ച് സിനിമാ പ്രവർത്തകർ. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ എതിര്‍ക്കുന്നതായി ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തൻ, ഗീതു മോഹൻദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കൽ, വി.കെ.ശ്രീരാമൻ, സൗബിൻ സാഹിർ, വിധു വിൻസെന്റ്, ശ്യാം പുഷ്കരൻ, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠൻ, ബിജിപാൽ, ഷാബാസ് അമൻ, അജിത് കുമാർ ബി, അൻവർ അലി, ഇന്ദു വി.എസ്, കമൽ കെ, സൗമ്യ സദാനന്ദൻ, ആഷ ജോസഫ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

48-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഒഴിവാക്കപ്പെടുകയാണ്. സുജോയ്‌ഘോഷിനെ പോലെ ദേശീയ-അന്തര്‍ദ്ദേശീയ രംഗത്ത് പ്രശസ്തനായ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അധ്യക്ഷനായ ജൂറിയാണ് സെക്‌സി ദുര്‍ഗയും ന്യൂഡും പനോരമ ചിത്രങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്തത്, അതുവഴി, 48-ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പ്രാതിനിധ്യമായും. ആ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനോടുള്ള പ്രതിഷേധമായി ജൂറി അധ്യക്ഷന്‍ ആ പദവി രാജിവയ്ക്കുക വരെ ചെയ്തു. അഥവാ 2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നു.

അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട, ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനമാകേണ്ട രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനപ്പുറത്തേയ്ക്ക്, ചലച്ചിത്രമേളയിലേയ്ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിയമിക്കപ്പെടുന്ന സ്വതന്ത്ര ജൂറിയുടെ, തിരഞ്ഞെടുപ്പിനേയും നിലപാടുകളേയും തീരുമാനങ്ങളേയും ചോദ്യം ചെയ്യുന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഞങ്ങള്‍ ആ നിലപാടിനെ അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫും സനൽ കുമാർ ശശിധരന്റെ സെക്സി ദുര്‍ഗ്ഗയും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പട്ടികയിലുണ്ട് എന്നായിരുന്നു അവസാന നിമിഷം വരെ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. എന്നാൽ ടേക്ക് ഓഫ് മാത്രമായിരുന്നു പനോരമയില്‍ ഇടം പിടിച്ച മലയാളം സിനിമ. ദേശീയ പുരസ്കാര ജേതാവായ രവി ജാദവിന്റെ മറാത്തി ചിത്രമായ ‘നൂഡ്’ അവസാനനിമിഷം പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. ആർട്ട് മോഡലായ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്.

നൂഡും, സെക്സി ദുർഗ്ഗയും ഉൾപ്പെടെ 24 സിനിമകളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് 13 പേരടങ്ങിയ ജൂറി തിരഞ്ഞെടുത്തത്. എന്നാൽ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ ലിസ്റ്റിൽ ഈ രണ്ടു ചിത്രങ്ങളെയും ഉൾപ്പെടുത്തിയില്ല. 13 അംഗ ജൂറിയോട് അഭിപ്രായം തേടാതെയായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ ഈ നടപടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sexy durga out from iffi film activists statement