പാലക്കാട്: പീഡന ആരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ പാലക്കാട് പ്രതിഷേധം. ചെര്‍പ്പുളശ്ശേരിയില്‍ ഏരിയാ കമ്മിറ്റി യോഗത്തിന് എത്തിയ അദ്ദേഹത്തിന് നേരെ യുവമോര്‍ച്ച കരിങ്കൊടി കാണിച്ചു. പാര്‍ട്ടിയുടെ അകത്തുളള കാര്യങ്ങള്‍ പുറത്ത് പറയാനാവില്ലെന്ന് ശശി മാധ്യമങ്ങളോട് പറഞ്ഞു.

‘പരാതി കൈകാര്യം ചെയ്യാനുളള സംവിധാനം പാര്‍ട്ടിയിലുണ്ട്. പരാതി അന്വേഷിക്കാനുളള കരുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. അത് നേരിടാനുളള ആര്‍ജ്ജവവും എനിക്കുണ്ട്. എന്റെ പൊതുജീവിതം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തനത്തില്‍ തെറ്റുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കും. മാധ്യമങ്ങള്‍ ഇത് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. നിങ്ങളുടെ കൈയ്യില്‍ പരാതിയുടെ കോപ്പി ഇല്ലാതെ എന്നെ വിചാരണ ചെയ്യുകയും വേട്ടയാടുകയും ചെയ്യുകയാണ്. പരാതി നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ അത് വച്ച് എന്നെ വിചാരണ ചെയ്യ്. എന്നെ വെട്ടിലാക്കാനാണ് ശ്രമമെങ്കില്‍ അതില്‍ വീണു പോകില്ല’, ശശി എംഎല്‍എ പറഞ്ഞു.

ശശിക്കെതിരെ ഉയർന്ന പീഡനപരാതി പാർട്ടിതല അന്വേഷണം മാത്രം പോരെന്നാണ് തീരുമാനം. കേസെടുക്കില്ലെങ്കിലും പരാതിയെകുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം നടത്തും. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. യുവതിയിൽ നിന്നും മൊഴിയെടുക്കാനായി കമ്മീഷൻ അധ്യക്ഷ കേരളത്തിലെത്തും.

പരാതിക്കാരിയായ യുവതി ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പരാതിയുടെ വസ്തുത പോലും പൊലീസ് ഇതുവരെ പരാതിക്കാരിയോട് ചോദിച്ച് മനസിലാക്കിയിട്ടില്ല. എന്നാൽ ദേശീയ വനിതാ കമ്മീഷൻ എത്തുന്നതോടെ പൊലീസിന് ഇടപെടാതിരിക്കാൻ സാധിക്കില്ല. ഇതിന് മുന്നോടിയായാണ് പ്രാഥമിക അന്വേഷണം.

കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ പരാതി നൽകിയിരുന്നു. ഡിജിപിയുടെ ഓഫീസിൽ ലഭിച്ച പരാതികൾ തൃശൂർ റേഞ്ച് ഐജിക്ക് കൈമാറിയിരുന്നു. ഈ പരാതി പ്രകാരം ഡിജിപി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു.

പ്രത്യേക സമിതി രൂപികരിച്ചാണ് കേന്ദ്രനേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ അടങ്ങുന്നതാണ് സമിതി. ഒരു വനിതാ നേതാവും സമിതിയിൽ ഉൾപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പാർട്ടി അന്വേഷണം ഏത് ഘട്ടത്തിലാണെന്നതിൽ വ്യക്തതയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.