തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി.കെ.ശശി എംഎൽഎയെ സിപിഎം കൈവിടുന്നു. പി.കെ.ശശിക്കെതിരെ കർശന നടപടി വേണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ലൈംഗിക പീഡന പരാതി പാർട്ടിക്ക് പൊതുസമൂഹത്തിൽ മോശം പ്രതിച്ഛായ ഉണ്ടാക്കി തുടങ്ങിയതോടെയാണ് സിപിഎം പി.കെ.ശശിയെ കൈവിടുന്നത്.
ശശിക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി ശാസനം നല്‍കിയിരുന്നു. യുവതിയിൽ നിന്ന് പീഡനപരാതിയുയർന്ന സാഹചര്യത്തിൽ ശശി എംഎൽഎ പരസ്യപ്രസ്താവനകളിൽ നിന്നു വിട്ടുനിൽക്കണമെന്ന് സിപിഎം നിര്‍ദേശിച്ചു. പ്രകോപനം ഒഴിവാക്കണമെന്നും പാർട്ടി ശശിക്ക് നിർദേശം നൽകി.
സംഭവം വിവാദമായ ശേഷവും പ്രവർത്തകരെ സംഘടിപ്പിച്ച് മുദ്രാവാക്യം വിളികളോടെ വീരപരിവേഷം നേടാനുള്ള ശശിയുടെ ശ്രമങ്ങൾ കടുത്ത അച്ചടക്ക ലംഘനമായി പാർട്ടി വിലയിരുത്തി. ഇതുകൊണ്ടാണ് പൊതുപരിപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചനകൾ അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ.ബാലൻ തന്നെ നൽകി.
പരാതിക്കാരിക്ക് പാർട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തിൽ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ മറ്റ് മാർഗങ്ങൾ അവർക്ക് തേടാമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു
പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിക്ക് ഒപ്പമാണെന്ന് ഭൃന്ദ കാരാട്ടും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് എവിടെ അതിക്രമം നടന്നാലും സ്ത്രീക്ക് ഒപ്പമാണ് താനെന്നും ഭൃന്ദ കാരാട്ട് പറഞ്ഞു. അന്വേഷണത്തിന് ശേഷം മാത്രമേ പരാതിയില്‍ കഴമ്പുണ്ടോയെന്ന് വ്യക്തമാവുകയുളളൂവെന്നും ഭൃന്ദ കൂട്ടിച്ചേര്‍ത്തു.