കൊച്ചി: കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു യുവതി കൂടി പരാതി നൽകി. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. വിവാഹ ദിവസം മേക്കപ്പ് ചെയ്യാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ അനീസിനെതിരെ ലഭിച്ച പരാതികൾ നാലായി. ഇയാൾ ഒളിവിലാണ്.
വൈറ്റില ചളിക്കവട്ടത്ത് യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനം നടത്തുന്ന അനീസ് മേക്കപ്പ് ചെയ്യുന്നതിനിടയിലാണ് യുവതികൾക്ക് നേരെ ലൈംഗികതക്രമങ്ങൾ നടത്തിയത്. മേക്കപ്പിനിടയിൽ ഇയാൾ അനാവശ്യമായി സ്വകാര്യ ഇടങ്ങളിൽ സ്പർശിച്ചു എന്നാണ് യുവതികളുടെ പരാതിയിൽ പറയുന്നത്. വിവാഹ ദിവസമാണ് പ്രതി യുവതികളെ ചൂഷണം ചെയ്തിരുന്നത്. അതുകൊണ്ടാണ് ഇവർ ആദ്യം പൊലീസിൽ പരാതി നൽകാൻ മടിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇൻസ്റ്റഗ്രമിലൂടെയാണ് യുവതികൾ അനീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മീ ടൂ ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ വീട്ടിലും ചളിക്കവട്ടത്തെ സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തി പാസ്പോർട്ട് അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ കേരളത്തിലോ അയൽ സംസ്ഥാങ്ങളിൽ എവിടെയോ ആണ് ഒഴിവിൽ കഴിയുന്നതെന്നാണ് പൊലീസ് നിഗമനം. അനീസുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ ലൈംഗികാതിക്രമ പരാതികൾ വന്ന് അറസ്റ്റിലായതിന് പിന്നാലെയാണ് അനീസിനെതിരെയും പരാതികൾ വന്നത്.
Also Read: ലൈംഗികാതിക്രമം: ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ പരാതിയുമായി വിദേശ വനിത