ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെപ്പറ്റി വനിതാ കമ്മീഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി. കേസിനെപ്പറ്റി അന്വേഷിക്കാനും പെണ്‍കുട്ടിയില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്താനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പി.കെ.ശശിക്കെതിരായ പരാതി വനിതാ കമ്മീഷന് ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ നിലപാട്. പരാതി കിട്ടാതെ നടപടിയുണ്ടാകില്ലെന്നും പരാതി പൊലീസിന് കൈമാറണമോ എന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.
‘പാര്‍ട്ടിക്കാര്യം പാർട്ടി തീരുമാനിക്കും. ഇതൊരു പുതുമയുള്ള കാര്യമല്ല, മനുഷ്യരായാല്‍ തെറ്റ് സംഭവിക്കുക സ്വാഭാവികമാണ്. പാർട്ടിക്കകത്തും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നേരിടുന്നതില്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ എം.സി.ജോസഫൈന് പറഞ്ഞു. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമേ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
ഈ യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ല. അതേസമയം വനിതാ കമ്മീഷന്റെ നിലപാടിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വനിതാ കമ്മീഷന് പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരിച്ചു.
രാഷ്ട്രീയംനോക്കി നിലപാടെടുക്കുന്ന രീതി രാജ്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതാണ്. പരാതി കിട്ടിയാലേ നടപടിയെടുക്കൂ എന്ന് പറയുന്ന ഈ വനിതാ കമ്മീഷന് എത്ര കേസില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.