തൃശൂര്‍: സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. സുനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്നാണ് ഇയാളെ പിടിയുകൂടിയതെന്നാണ് ലഭിക്കുന്ന വിവരം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അധ്യാപകനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു.
സുനില്‍ കുമാറിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നതില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം. കെ. ജയരാജ് കോളേജ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. ഡീന്‍ സ്ഥാനത്ത് നിന്ന് ആധ്യാപകനെ നീക്കം ചെയ്തിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സുനില്‍ കുമാറിന് കോളേജിനുള്ള പ്രവേശിക്കാനും അനുവാദമില്ല.
വിദ്യാര്‍ഥിയുടെ പരാതിയിന്‍മേല്‍ സുനില്‍ കുമാറിനെതിര ഐപിസി സെക്ഷന്‍ 376 പ്രകാരമാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരി മാസം സുനില്‍ കുമാറിന്റെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
വിദ്യാര്‍ഥി രണ്ട് അധ്യാപകര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിസിറ്റിങ് പ്രൊഫസറായെത്തിയ രാജാ വാര്യര്‍ ഓറിയന്റേഷന്‍ ക്ലാസിനിടെ മോശമായി പെരുമാറിയെന്നായിരുന്നു ആദ്യത്തെ പരാതി. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം.
പിന്നീടാണ് സുനില്‍ കുമാറുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നത്. മദ്യപിച്ച് ലൈംഗിക ചുവയോടുകൂടിയുള്ള സംസാരം സുനില്‍ കുമാറില്‍ നിന്ന് ഉണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്. വിദ്യാര്‍ഥിയും സുനില്‍ കുമാറുമായുള്ള വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നിരുന്നു.
ആരോപണം ഉന്നയിച്ച വിദ്യാര്‍ഥി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ അധ്യാപകന്‍ തന്നെ സന്ദര്‍ശിച്ചിരുന്നതായി വിദ്യാര്‍ഥി ന്യൂസ് മിനുട്ടിനോട് പറഞ്ഞു. “സുനില്‍ കുമാര്‍ ആശുപത്രിയില്‍ വന്നിരുന്നു, പിന്നീടാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. ഞാന്‍ ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ മാനസികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതെന്നുമായിരുന്നു സുനില്‍ കുമാര്‍ അവരോട് പറഞ്ഞത്,” വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.
“പീഡന വിവരം ആരോടും പറയരുതെന്ന് എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു പറഞ്ഞത്. സുനില്‍ കുമാറിന്റെ പങ്കാളിയും വിളിച്ചിരുന്നു. അവരുടെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഇതൊക്കെ പുറംലോകം അറിയുമെന്ന ഭയം അവര്‍ക്കുണ്ടായിരുന്നു,” വിദ്യാര്‍ഥി വിശദീകരിച്ചു.
അധ്യാപകനെതിരെ കടുത്ത പ്രതിഷേധമാണ് സ്കൂള്‍ ഓഫ് ഡ്രാമയില്‍ സംഭവിക്കുന്നത്. വിദ്യാര്‍ഥികള്‍ അധ്യാപകരെ കഴിഞ്ഞ ദിവസം കോളേജിനുള്ളില്‍ പൂട്ടിയിട്ടിരുന്നു. രാത്രി 11 മണി വരെ അധ്യാപകര്‍ കോളേജിനുള്ളിലായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്ന പരിഹാരം കണ്ടത്.
Also Read: Russia-Ukraine Crisis: കീവില്‍ കുടുങ്ങിയ ആയിരത്തിലധികം വിദ്യാര്‍ഥികളെ അതിര്‍ത്തിയിലെത്തിച്ചു